കൊച്ചി: സമ്പർക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പില്ലാതെ തന്നെ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കാനുള്ള ഒരുക്കവുമായി അധികൃതർ. കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം കൂട്ടി അവിടങ്ങളിലാവും ലോക്ക്ഡൗൺ പ്രഖ്യാപിക്കുക. തിരുവനന്തപുരം പൂന്തുറ പോലെ കൊച്ചിയിൽ ചെല്ലാനമാണ് അധികൃതരെ ആശങ്കപ്പെടുത്തുന്നത്. കൊവിഡ് രോഗികളുടെയും പ്രാഥമിക സമ്പർക്കത്തിൽ ഉള്ളവരുടെയും എണ്ണം വർദ്ധിച്ചതോടെ ചെല്ലാനം പഞ്ചായത്ത് പൂർണമായും അടച്ചു. എറണാകുളം മാർക്കറ്റുമായി ബന്ധപ്പെട്ട് ഒരാൾക്കു കൂടി രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മാർക്കറ്റ് ഉടൻ തുറക്കില്ല. ഉറവിടമറിയാത്ത രോഗികളും അവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉള്ളവരും രോഗികളാണെന്ന് തിരിച്ചറിയാതെ ഇതിനോടകം സമൂഹത്തിൽ ഇടപഴകിയിട്ടുണ്ട്.
ജനറൽ ആശുപത്രിയ്ക്ക് നിയന്ത്രണം
ഹൃദ്രോഗവുമായി ജനറൽ ആശുപത്രിയിലെത്തിയ രോഗിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശുപത്രിയിലെ കാർഡിയോളജിയിലും മെഡിക്കൽ വാർഡിലും പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. ഈ വിഭാഗങ്ങളിൽ ജോലി ചെയ്തിരുന്ന ഡോക്ടർമാരടക്കം 55 പേർ ക്വാറന്റൈനിൽ പ്രവേശിച്ചു. കൊവിഡ് സ്ഥിരീകരിച്ച രോഗിയെ എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റി. എം.ജി റോഡിൽ ജ്യൂസ് കട നടത്തുന്ന 41 വയസുകാരൻ ജൂലായ് 4നാണ് ഹൃദ്രോഗവുമായി ജനറൽ ആശുപത്രിയിലെത്തിയത്. കൊവിഡ് ലക്ഷണങ്ങളൊന്നുമില്ലാത്തതിനാൽ ടെസ്റ്റ് നടത്തിയിരുന്നില്ല. എന്നാൽ, ഈ മാസം ആദ്യം കൊവിഡ് സ്ഥിരീകരിച്ച മുളവുകാട് സ്വദേശിനി ഇദ്ദേഹത്തിന്റെ ജ്യൂസ് കടയിൽ വന്നിരുന്നുവെന്ന വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് പ്രാഥമിക പട്ടികയിൽപ്പെടുത്തി ടെസ്റ്റ് നടത്തിയത്. ഇന്നലെ രാവിലെ കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ജനറൽ ആശുപത്രിയുടെ കാർഡിയോളജിയിലും മെഡിക്കൽ വാർഡിലുമായി നിലവിൽ 18 പേർ ഐ.സി.യുവിലും 22 പേർ വാർഡിലും ചികിത്സയിലുണ്ട്. എറണാകുളം മെഡിക്കൽ കോളേജ് കൊവിഡ് ആശുപത്രിയാക്കിയതോടെ അവിടുത്തെ പ്രധാനപ്പെട്ട വിഭാഗങ്ങളെല്ലാം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിയന്ത്രണം വന്നതോടെ ചികിത്സയ്ക്ക് എങ്ങോട്ടുപോകുമെന്ന ആശങ്കയിലാണ് സാധാരണക്കാർ.
''ജൂലായിൽ സംസ്ഥാനത്ത് കേസുകൾ കൂടുമെന്ന് അറിയാമായിരുന്നു. അതിന്റെ ഭാഗമായാണ് എറണാകുളത്തും കേസുകൾ കൂടുന്നത്. ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം വർദ്ധിപ്പിക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. മാനദണ്ഡങ്ങൾ അനുസരിച്ചു നിശ്ചിത കടകൾ മാത്രമേ തുറക്കാൻ അനുവദിക്കൂ. ''
വി.എസ് സുനിൽകുമാർ
മന്ത്രി (ജില്ലാചുമതല)