കൊച്ചി : കൊല്ലം എസ്.എൻ. കോളേജിന്റെ സുവർണജൂബിലി ഫണ്ടിൽ ക്രമക്കേടു കാട്ടിയെന്നാരോപിച്ചുള്ള കേസിൽ ക്രൈംബ്രാഞ്ചിന് അന്തിമറിപ്പോർട്ട് നൽകാൻ ഹൈക്കോടതി രണ്ടാഴ്‌ച കൂടി സമയം നൽകി.
ഒമ്പതുമാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ 2018ൽ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഇതുവരെ പൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരനായ സുരേന്ദ്രബാബു നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ജൂലായ് എട്ടിനകം അന്തിമറിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് ജൂൺ 30 ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ ,20 ലക്ഷം രൂപ അക്കൗണ്ടിലില്ലെന്ന പുതിയ ആരോപണമുന്നയിച്ചു. പിന്നീടു നടത്തിയ പരിശോധനയിൽ ഇൗ തുക സ്ഥിരനിക്ഷേപമായി ഇട്ടിരുന്നെന്നും കാലാവധി കഴിഞ്ഞ് തുക എസ്.എൻ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും കണ്ടെത്തി. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥനെ രേഖാമൂലം അറിയിച്ചെങ്കിലും വിശദീകരണം സ്വീകരിച്ചില്ല. തുടർന്ന് തന്റെ ഭാഗം വീണ്ടും വിശദീകരിക്കാൻ കൂടുതൽ സമയം വേണമെന്നും വസ്തുതകൾ പരിശോധിക്കാതെ അന്തിമറിപ്പോർട്ട് നൽകുന്നത് തടയണമെന്നുമാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയിയെ സമീപിച്ചു. ഇൗ ഹർജിയും കോടതിയലക്ഷ്യഹർജിയും ഒരുമിച്ചു പരിഗണിച്ചാണ് ഹൈക്കോടതി അന്തിമറിപ്പോർട്ടിന് രണ്ടാഴ്ച കൂടി സമയമനുവദിച്ചത്. വെള്ളാപ്പള്ളിയുടെ വാദം അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഉന്നയിക്കാമെന്നു വ്യക്തമാക്കിയ ഹൈക്കോടതി, കോടതിയലക്ഷ്യ ഹർജിയും വെള്ളാപ്പള്ളിയുടെ ഹർജിയും തീർപ്പാക്കി.