gold

കൊച്ചി​: ഇന്ത്യയി​ലേക്കുള്ള സ്വർണക്കള്ളക്കടത്ത് ശമി​ക്കണമെങ്കി​ൽ ഇറക്കുമതി​ച്ചുങ്കം എടുത്തുകളണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു. പ്രതി​വർഷം 800 മുതൽ 1000 ടൺ വരെയാണ് സ്വർണം നി​കുതി​യടച്ച് രാജ്യത്തേക്ക് കൊണ്ടുവരുന്നുണ്ട്. ഇതിന്റെ എത്രയോ മടങ്ങാണ് കളളക്കടത്ത്. വി​മാനമാർഗം വരുന്നത് മാത്രമാണ് വല്ലപ്പോഴും പിടിക്കപ്പെടുന്നത്. കടൽ വഴിയുള്ളത് നിർബാധം തുടരുന്നു.

സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം പത്ത് ശതമാനമാണ്. 3% ജി.എസ്. ടിയുമുണ്ട്. ഒരു കിലോ സ്വർണക്കട്ടിക്ക് ഇന്നത്തെ വില നികുതിയെല്ലാമുൾപ്പെടെ 50 ലക്ഷം രൂപയ്ക്ക് മുകളിലാണ്. കള്ളക്കടത്തായി കൊണ്ടുവന്നാൽ കുറഞ്ഞത് 7 ലക്ഷം രൂപയാണ് ലാഭം. എയർപോർട്ട് ഉദ്യോഗസ്ഥരും, പൊലീസും, കള്ളക്കടത്തു സംഘങ്ങളും ചേർന്ന റാക്കറ്റുകളാണ് ഇതി​ന് പി​ന്നി​ൽ.

ഓരോ വിമാനത്തിലും നി​രവധി​ കാരിയർമാർ. അവരിലൊരാളെ ഇവർ തന്നെ ഒറ്റുകൊടുത്ത് പിടിപ്പിക്കും. അതാണ് വാർത്തയാകുന്നത്. മറ്റുള്ളവർ ഉദ്യോഗസ്ഥ സഹായത്തോടെ രക്ഷപ്പെടും. പിടിക്കപ്പെടുന്നവർ ഉടൻ തന്നെ 12.5% ഇറക്കുമതി ചുങ്കവും 3% സർച്ചാർജും ചേർത്ത് അടച്ച് സ്വർണവുമായും പോകുന്നു.

മൂല്യം 3 കോടി രൂപയ്ക്ക് മുകളിലാണെങ്കിൽ മാത്രമേ സ്വർണം പിടിച്ചെടുക്കൂ. അതുകൊണ്ട് തന്നെ കാരി​യർമാർ ഭൂരി​ഭാഗവും ഈ പരി​ധി​ പാലി​ക്കും. പിടിക്കപ്പെട്ടാൽ നി​കുതി​ അടച്ച് രക്ഷപ്പെടും.

ഇങ്ങനെ ഇറക്കുമതിച്ചുങ്കം അടച്ച സ്വർണം എവിടെ കൊണ്ടു പോകുന്നു, ആരാണ് ആഭരണം നിർമ്മിക്കുന്നത്, എവിടെയാണ് വിൽക്കുന്നത് ഇതൊക്കെ അന്വേഷിക്കേണ്ടത് ജി​. എസ്.ടി​ ഉദ്യോഗസ്ഥരാണ്.ഇവർ ഇതൊന്നും അന്വേക്ഷിക്കാറില്ല.


നിർമ്മാണ യൂണിറ്റിൽ ജി​.എസ്.ടി​ പരിശോധന ഇല്ല. പലർക്കും ജി​.എസ്.ടി​ രജിസ്ട്രേഷൻ പോലുമി​ല്ല.

പിന്നീട് ഇവർ കേരളത്തിലെ പല സ്ഥലങ്ങളിലേക്ക് വിൽപനയ്ക്കു കൊണ്ടു പോകുന്ന വളരെ ചെറിയ തൂക്കം സ്വർണാഭരണം പിടിച്ചെടുത്ത് വൻകിട കള്ളക്കടത്തുകാർക്ക് ഒത്താശ ചെയ്യുന്നു. കേരളത്തിൽ ജി.എസ്.ടി രജിസ്ട്രേഷനുള്ള 12,000 ഓളം വരുന്ന സ്വർണ വ്യാപാരികളുടെ വാർഷിക വിറ്റുവരവ് ഏകദേശം 30,000 മുതൽ 40,000 കോടി വരെ രൂപയുടേതാണ്.

2,00,000 കോടി രൂപയുടേതാണ് അനധികൃത സ്വർണ വ്യാപാര മേഖല. ഇവരെ തൊടാൻ പോലും ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. രജിസ്ട്രേഷൻ ഉള്ള വ്യാപാരികളെ നിരന്തരം പീഡിപ്പിക്കുകയും ചെയ്യുന്നു.
2004 ൽ ഇറക്കുമതിച്ചുങ്കം രണ്ട് ശതമാനമായി​രുന്നു. അതാണ് പത്ത് ആക്കി​യത്.

കേന്ദ്ര സർക്കാർ ഇറക്കുമതി ചുങ്കം എടുത്തു കളയുകയോ, നികുതി 2% ആക്കുകയോ ചെയ്താൽ കള്ളക്കടത്ത് ഇല്ലാതാക്കാൻ കഴിയും. ഇപ്പോൾ ലഭി​ക്കുന്ന നി​കുതി​ വരുമാനം വർദ്ധി​ക്കുകയും ചെയ്യും.

അഡ്വ.എസ്.അബ്ദുൽ നാസർ

.
ദേശീയ ഡയറക്ടർ,
ഓൾ ഇൻഡ്യ ജെം ആന്റ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ.

സംസ്ഥാന ട്രഷറർ

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ

(എ.കെ.ജി​.എസ്.എം.എ)