mcj
അങ്കമാലി നഗരസഭ മൊബൈൽ ലാബിന്റെ ഫ്ലാഗ് ഒഫ് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈൻ നിർവഹിക്കുന്നു

അങ്കമാലി: ജീവിതശൈലീ രോഗങ്ങൾ കണ്ടെത്തി ചികിത്സ ഉറപ്പാക്കാൻ അങ്കമാലി നഗരസഭ നടപ്പിലാക്കുന്ന മൊബൈൽ ലാഭിന്റെ പ്രവർത്തനം തുടങ്ങി. മൊബൈൽ ലാബിന്റെ ഉദ്ഘാടനം സംസ്ഥാന വനിത കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ നിർവഹിച്ചു.15 ലക്ഷം രൂപ ചിലവഴിച്ച് നഗരവാസികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് മൊബൈൽ ലാബ് പ്രവർത്തിക്കുന്നത്.

നഗരസഭയിലെ 30 വാർഡുകളിലും മൊബൈൽ ലാഭിന്റെസേവനം എത്തിക്കും. ഓരോ ദിവസവും മൂന്നു വാർഡുകളിലാണ് പരിശോധന. പ്രത്യേകമായി ഒരുക്കുന്ന കേന്ദ്രങ്ങളിൽ എത്തിച്ചേരുന്ന കുടുംബാംഗങ്ങളുടെ രക്ത സാമ്പിളുകൾ മൊബൈൽ ലാബിൽ ശേഖരിക്കുകയും താലൂക്ക് ആശുപത്രിയിലെ ലാബിൽ പരിശോധന നടത്തി ഒരു ദിവസത്തിനകം റിസൽട്ട് അതത് കേന്ദ്രങ്ങളിൽ എത്തിച്ചു കൊടുക്കുന്നതാണ് പദ്ധതി.പ്രമേഹം, കൊളസ്‌ട്രോൾ, യൂറിക്ക് ആസിഡ്, ക്രിയാറ്റിൻ, കരൾ വൃക്ക സംബന്ധമായ രോഗങ്ങൾ, എച്ച്. ഐ. വി ടെസ്റ്റ് എന്നിവയാണ് നടത്തുന്നത്. നഗരസഭ ചെയർപേഴ്‌സൺ എം.എ ഗ്രേസി അദ്ധ്യക്ഷയായി. താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.നസീമ നജീബ് പദ്ധതി വിശദീകരണം നടത്തി.നഗരസഭ വൈസ് ചെയർമാൻ എം.എസ്.ഗിരീഷ് കുമാർ, ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പുഷ്പമോഹൻ തുടങ്ങിയവർ സംസാരിച്ചു.