കൊച്ചി: നയതന്ത്ര പരിരക്ഷ മറയാക്കി സ്വപ്‌ന സുരേഷും സന്ദീപ് നായരും രണ്ടു വർഷമായി തിരുവനന്തപുരം വിമാനത്താവളത്തിലൂടെ വൻതോതിൽ സ്വർണം കടത്തുകയായിരുന്നെന്ന് കസ്‌റ്റംസിന്റെ അന്വേഷണത്തിൽ വ്യക്തമായി. വമ്പൻ സംഘത്തിലെ കണ്ണിയാണ് ഇരുവരും. സ്വപ്‌ന യു.എ.ഇ കോൺസുലേറ്റിൽ ജോലിക്കെത്തിയതു മുതൽ കടത്ത് തുടങ്ങി.
കേസിൽ കൂടുതൽ പ്രതികളുണ്ടാകുമെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലേക്ക് സ്വർണക്കടത്ത് മാറിയെന്നും കസ്‌റ്റംസ് വ്യക്തമാക്കി. ഇതോടെ സി.ബി.ഐയും എൻ.ഐ.എയും അന്വേഷണ നടപടികൾ തുടങ്ങി. കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണറേറ്റിൽ ഇന്നലെ രണ്ട് സി.ബി.ഐ ഇൻസ്പെക്ടർമാരെത്തി അന്വേഷണ വിവരം ശേഖരിച്ചു.
അതിനിടെ, സ്വപ്നയ്ക്കും സരിത്തിനുമാെപ്പം സ്വർണക്കടത്തിൽ തിരുവനന്തപുരം സ്വദേശിയായ സന്ദീപ് നായരുടെ പങ്കും കസ്റ്റംസ് കണ്ടെത്തി. കോൺസുലേറ്റിലേക്ക് രണ്ടു വർഷത്തിനിടെ എത്രതവണ ഡിപ്ളോമാറ്റിക് ബാഗുകൾ വന്നെന്ന് കണ്ടെത്താനുള്ള നീക്കത്തിലാണ് കസ്‌റ്റംസ്.
സ്വർണക്കടത്തിലെ മുഖ്യകണ്ണികൾ സന്ദീപ് നായരും സ്വപ്‌നയുമാണ്. സന്ദീപ് സ്വർണക്കടത്തുകാരനാണെന്ന് അറിയാമെന്ന് ഭാര്യ സൗമ്യ കസ്‌റ്റംസിന് മൊഴി നൽകി. സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവർ ഒരുമിച്ചിരുന്ന് സംസാരിക്കുന്നത് പലതവണ കണ്ടിട്ടുണ്ട്. രഹസ്യ ചർച്ചകളാണ് പലപ്പോഴും നടന്നത്. നിരവധിതവണ ദുബായ് യാത്രകൾ നടത്തിയിട്ടുണ്ട്. മൂവരും തമ്മിൽ സാമ്പത്തിക ഇടപാടുകളുമുണ്ട്. സൗമ്യയെ ഇന്നലെ ആറു മണിക്കൂർ കൊച്ചി കസ്‌റ്റംസ് ആസ്ഥാനത്ത് ചോദ്യംചെയ്‌തു. വിട്ടയച്ച ഇവർ കേസിൽ സാക്ഷിയായേക്കും.
2014ൽ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ മൂന്നരകിലോ സ്വർണം കടത്തിയ കേസിൽ സന്ദീപ് അറസ്‌റ്റിലായിരുന്നു. അഞ്ചുമാസം മുമ്പാണ് നെടുമങ്ങാട്ട‌് സന്ദീപ് നായരുടെ ഉടമസ്ഥതയിലുള്ള വർക്ക്ഷോപ്പ് സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്‌തത്. വർക്ക്ഷോപ്പിൽ സ്വപ്‌നയ്ക്കും സരിത്തിനും പങ്കാളിത്തമുണ്ടെന്ന് സംശയം തോന്നിയതോടെയാണ് സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്‌റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്‌തത്. സ്വപ്‌നയും സന്ദീപും ഒരുമിച്ചാണ് മുങ്ങിയതെന്നും സംശയിക്കുന്നു. സരിത്തിനെ വിശദമായി ചോദ്യംചെയ്യാൻ ഏഴുദിവസം കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ കസ്‌റ്റംസ് കോടതിയിൽ സമർപ്പിച്ചു. ഇന്ന് പരിഗണിക്കും.
സ്വപ്‌ന കാണാമറയത്ത്
ഒളിവിൽപ്പോയി നാലുദിവസം പിന്നിട്ടിട്ടും സ്വപ്‌ന സുരേഷിനെ കണ്ടെത്താനായില്ല. തമിഴ്നാട്ടിലേക്ക് കടന്നുവെന്ന് സംശയിക്കുന്നുവെങ്കിലും സ്ഥിരീകരണമില്ല. എറണാകുളത്തെ ചില അഭിഭാഷകരുമായി ആശയവിനിമയം നടത്തിയെങ്കിലും മുൻകൂർ ജാമ്യത്തിനുള്ള സാദ്ധ്യത കുറവാണെന്ന് അറിയച്ചതോടെ പിൻവാങ്ങി. ഇതോടെ അടുത്ത ദിവസങ്ങളിൽ തിരുവനന്തപുരത്തെയോ കൊച്ചിയിലെയോ കോടതിയിൽ കീഴടങ്ങുമെന്നാണ് കസ്‌റ്റംസിന്റെ വിലയിരുത്തൽ. സ്വപ്‌നയെ കണ്ടെത്താൽ ഉടൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.
രാജ്യാന്തര തലത്തിലേക്ക് ഉയർന്ന കേസിൽ ഇനി സ്വപ്ന സുരേഷിന്റെ മൊഴിയാണ് നിർണായകമാകുക. കോൺസുലേറ്റിലെ ചില ഉദ്യോഗസ്ഥർ, ഐ.പി.എസ്. ഐ.എ.എസ് ഉദ്യോഗസ്ഥർ, രാഷ്‌ട്രീയക്കാർ എന്നിവരുമായുള്ള ബന്ധം സ്വർണക്കടത്തിന് ഉപയോഗിച്ചോ എന്ന് കസ്റ്റംസ് പരിശോധിക്കും. ഇക്കാര്യത്തിൽ സ്വപ്നയെ ചോദ്യംചെയ്യുന്നതോടെയേ വ്യക്തത വരൂ. അതിനുള്ള തയ്യാറെടുപ്പിലാണ് കസ്റ്റംസ്. ബാഗേജ് കൈപ്പറ്റാനായി കോൺസുലേറ്റിലെ ലെറ്റർപാഡിലുള്ള കത്തുമായി എത്തിയ സരിത്തിനെ കസ്‌റ്റംസ് അസി. കമ്മിഷണർ എച്ച്. രാമമൂർത്തി മടക്കി അയച്ചതോടെ സ്വപ്ന അപകടം മണത്തിരുന്നു. ശനിയാഴ്ച മൂന്നുമണിയോടെ അവർ തിരുവനന്തപുരത്തെ വീട്ടിൽനിന്ന് മുങ്ങി. സരിത്ത് കസ്‌റ്റംസിന്റെ നിരീക്ഷണത്തിലായതോടെ മുങ്ങാനായില്ല. ബാഗേജ് വിട്ടുകിട്ടാനായി ഇരുവരും നിരവധി കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. ചില ഉദ്യോഗസ്ഥർ കസ്റ്റംസ് കമ്മിഷണർ സുമിത്കുമാറിനെയും വിളിച്ചു. ഇവരെയെല്ലാം സ്വപ്‌നയുടെ അറസ്റ്റിനുശേഷം ചോദ്യം ചെയ്യാനാണ് തീരുമാനം.