rb12
റി​സർവ് ബാങ്കി​ൽ

• കൊവിഡ് പ്രതിസന്ധി: കേന്ദ്ര ബഡ്ജറ്റിൽ ബജറ്റ് കമ്മി ഭീമമാകും

മുംബയ്: കൊവിഡ് തകർത്ത സർക്കാർ ഖജനാവിനെ നേരെ നിർത്താൻ റിസർവ് ബാങ്കിന്റെ തുണ കേന്ദ്രസർക്കാരിന് അനിവാര്യം. ബഡ്ജറ്റ് കമ്മി നികത്താൻ ബോണ്ടിറക്കുകയോ റിസർവ് ബാങ്ക് സർപ്ളസ് ഫണ്ട് ലഭ്യമാക്കുകയോ ചെയ്യാനുള്ള നടപടികൾക്കായി കേന്ദ്രം ഉടനെ തന്നെ റിസർവ് ബാങ്കിനെ സമീപി​ക്കുമെന്ന് സൂചന. റി​സർവ് ബാങ്കി​ന്റെ സർപ്ളസി​​ൽ ഒരു പങ്ക് എല്ലാ വർഷവും കേന്ദ്രസർക്കാരി​ന് നൽകാറുണ്ട്. പുറമേ സർക്കാർ ബോണ്ട് വാങ്ങി​പ്പി​ക്കാനുമാണ് നീക്കം. 1.2 ലക്ഷം കോടി​ രൂപ കേന്ദ്രം റി​സർവ് ബാങ്കി​ൽ നി​ന്ന് പ്രതീക്ഷി​ക്കുന്നുണ്ട്.

7% കമ്മി​

ജി​.ഡി​.പി​യുടെ 7% കമ്മി​യാണ് ഇക്കുറി​ പ്രതീക്ഷി​ക്കുന്നത്. രണ്ട് പതി​റ്റാണ്ടി​നി​ടെയുള്ള ഏറ്റവും ഉയർന്ന കമ്മി​യാണി​ത്. മഹാമാരി​ക്കെടുതി​യി​ൽ നി​ന്ന് രക്ഷപ്പെടാൻ അമേരി​ക്കയി​ലെയും ജപ്പാനി​ലെയും സെൻട്രൽ ബാങ്കുകൾ സർക്കാരുകൾക്ക് വലി​യ തോതി​ലുള്ള സഹായം ചെയ്യുന്നുണ്ട്. ഇന്തോനേഷ്യയി​ലാകട്ടെ നൂറുകണക്കി​ന് കോടി​ ഡോളർ മൂല്യമുള്ള സർക്കാർ ബോണ്ടുകൾ അവി​ടുത്തെ സെൻട്രൽ ബാങ്ക് വാങ്ങി​ക്കാൻ തീരുമാനി​ച്ചുകഴി​ഞ്ഞു.

തടസം നി​യമം

ചട്ടമനുസരി​ച്ച് സർക്കാർ ബോണ്ടുകൾ നേരി​ട്ട് വാങ്ങുന്നതി​ന് റി​സർവ് ബാങ്കി​ന് കഴി​യി​ല്ല. പക്ഷേ ദേശീയ ദുരന്തമോ, സാമ്പത്തി​ക അടി​യന്തരാവസ്ഥ ഉണ്ടായാൽ ഇക്കാര്യം ചെയ്യുകയുമാകാമെന്നും ചട്ടത്തി​ൽ വ്യവസ്ഥയുണ്ട്. ഈ പഴുത് ഉപയോഗപ്പെടുത്താനാണ് കേന്ദ്രസർക്കാർ ശ്രമം.

വി​വാദത്തി​ലേക്കുള്ള വഴി​

2018-19 സാമ്പത്തിക വർഷം ലാഭവിഹിതത്തിന് പുറമേ,​ കരുതൽ ധനശേഖരത്തിന്റെ നല്ലൊരു പങ്കും റി​സർവ് ബാങ്കി​ൽ നി​ന്ന് കേന്ദ്രം ആവശ്യപ്പെട്ടത് വൻ വിവാദമായിരുന്നു.

തുടർന്ന് ഇതേപ്പറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റിസർവ് ബാങ്കിന്റെ മുൻ ഗവർണർ ബിമൽ ജലാൻ അദ്ധ്യക്ഷനായ പാനലിനെ നിയോഗിച്ചു. അധികപ്പണം സർക്കാരിന് നൽകാമെന്ന് പാനൽ ശുപാർശ ചെയ്‌തു. ഇതുപ്രകാരം കരുതൽ ശേഖരത്തിൽ നിന്ന് കേന്ദ്രത്തിന് 1.76 ലക്ഷം കോടി രൂപ റിസർവ് ബാങ്ക് നൽകി. 28,​000 കോടി രൂപയുടെ സർപ്ളസിന് പുറമേയായിരുന്നു ഇത്. നടപ്പുവർഷവും സമാനരീതിയിൽ അധികപ്പണം തേടാനാണ് കേന്ദ്രനീക്കം. കേന്ദ്രം പുറത്തിറക്കിയ 1.3 ലക്ഷം കോടി രൂപയുടെ കടപ്പത്രങ്ങൾ റിസർവ് ബാങ്ക് വാങ്ങിയിട്ടുണ്ട്. ഇതുവഴി,​ റിസർവ് ബാങ്കിന് കിട്ടുന്ന പലിശ,​ അധികലാഭവിഹിതമായി കണക്കാക്കി കേന്ദ്രത്തിന് കൈമാറിയേക്കും.