തൃക്കാക്കര : ജില്ലയിൽ കൊവിഡ് രോഗികളുടെ ഉറവിടം കണ്ടെത്താൻ പ്രത്യേക മെഡിക്കൽ സംഘം വരുന്നു. ഏഴ് രോഗികളുടെ ഉറവിടം ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രത്യേക മെഡിക്കൽ സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്. അതേസമയം ജില്ലയിൽ സാമ്പിൾ പരിശോധന കൂട്ടി. ശരാശരി 950-1200നും ഇടയിൽ സാമ്പിളുകളാണ് പ്രതിദിനം പരിശോധിക്കുന്നത്. കളമശേരി മെഡിക്കൽ കോളേജ്- 250.മൂന്ന് സ്വകാര്യ ആശുപത്രികൾ- 70.സ്വകാര്യ ലാബുകൾ- 600 എന്നിങ്ങനെയാണ് കണക്ക്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1500-2000 വരെയാണ് പ്രതിദിന ആന്റിബോഡി പരിശോധന. 70ലധികം ആന്റിജൻ ടെസ്റ്റുകളും നടത്തുന്നുണ്ട്. ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൾ വരും ദിവസങ്ങളിൽ ആന്റിജൻ പരിശോധനകൾ ആരംഭിക്കും. പരിശോധന കൂട്ടാൻ കളമശേരി മെഡിക്കൽ കോളേജിൽ പുതിയ ആർ. ടി. പി. സി. ആർ ഉപകരണം അടുത്ത ദിവസം മുതൽ പ്രവർത്തനം ആരംഭിക്കും. അതേസമയം ജനറൽ ആശുപത്രിയിലെ അവസ്ഥ ആശങ്കജനകമല്ലെന്നും അടുത്ത ദിവസം തന്നെ പ്രവർത്തനം പുനരാരംഭിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ആരോഗ്യ പ്രവർത്തകരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പകരം ആരോഗ്യ പ്രവർത്തകർ അടുത്ത ദിവസം മുതൽ ആശുപത്രിയിൽ പ്രവർത്തിക്കും.

ആന്റിജൻ പരിശോധന തുടങ്ങി

ജില്ലയിലെ 12സർക്കാർ ആശുപത്രികളിൽ ആന്റിജൻ പരിശോധന തുടങ്ങി. സ്വകാര്യ ആശുപത്രികളും പരിശോധന ഉടൻ ആരംഭിക്കും. രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരുടേയും പരിശോധന നടന്നുവരികയാണ്. എറണാകുളം മാർക്കറ്റിൽ രോഗ സാദ്ധ്യതയുള്ളവരുടെ പരിശോധന പൂർത്തിയാക്കി. ജില്ലയിലെ രണ്ടാമത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ സിയാൽ കൺവെൻഷൻ സെന്റർ പൂർണ സജ്ജമാണ്.അഡ്ലക്സ് കേന്ദ്രത്തിൽ നിലവിൽ 130 പേരാണ് ചികിത്സയിലുള്ളത്. അവിടെ 200 രോഗികളായാൽ സിയാൽ സെന്ററിന്റെ പ്രവർത്തനം ആരംഭിക്കും.സിയാൽ കൺവെൻഷൻ സെന്ററിൽ കളക്ടർ നേരിട്ടെത്തി വിലയിരുത്തിയിരുന്നു.

ജില്ലയിൽ ബ്രേക്ക്‌ ദി ചെയിൻ ക്യാമ്പയിൻ ഫലപ്രദമായി നടപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. അതിന്റെ ഭാഗമായി ബി ദി ചെയിൻ ബ്രേക്കർ എന്ന പേരിൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉൾപ്പടെ കാമ്പയിൻ നടത്തും. രോഗ ലക്ഷണങ്ങളുള്ളവർ ഒരു കാരണവശാലും പുറത്തിറങ്ങരുത്. മറ്റുള്ളവരുമായി ഇടപെടരുത്. രോഗ ലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രമായൊ ടെലി മെഡിസിൻ സംവിധാനവുമായോ ഇ -സഞ്ജീവനിയുമായോ ബന്ധപ്പെടണം.

എസ്.സുഹാസ്

ജില്ലാ കളക്ടർ