bridge
ചെറുവേലിക്കുന്ന് തുറ പാലം എൽദോസ് കുന്നപ്പിളളി എം എൽ എയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു

പെരുമ്പാവൂർ: വർഷങ്ങളായി വെങ്ങോലവാഴക്കുളം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചിരുന്ന ചെറുവേലിക്കുന്ന് തുറപ്പാലം പുനർജനിക്കുന്നു. ഈ മാസം തന്നെ പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കും. വെങ്ങോല പഞ്ചായത്തിലെ ചെമ്പരത്തുകുന്നിനെയും വാഴക്കുളം ഗ്രാമ പഞ്ചായത്തിലെ ചെറുവേലിക്കുന്നിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് ഇത്. ഇതിന് മുന്നോടിയായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പാലം സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തി.ജനപ്രതിനിധികളായ പി.എ മുക്താർ, അനീസ ഇസ്മായിൽ, എം.കെ ഗോപകുമാർ, അബുബക്കർ പോഞ്ഞാശ്ശേരി, എം.ഇ അഷ്‌റഫ്, എ. കെ അഫ്‌സൽ, ജാഫർ തോലംകുഴി, അബ്ദുൽ ഖാദർ വി.കെ, എം.കെ നാസർ, നാസർ കടവിൽ, എ.എ ഹംസ, എം.എം അഷ്‌റഫ്, മീതീൻ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ പിയൂസ് വർഗീസ്, നസിമുദ്ധീൻ എന്നിവരും സന്ദർശനവേളയിൽ എം എൽ എയോടൊപ്പം ഉണ്ടായിരുന്നു.

#പദ്ധതിയുടെ ചെലവ് 1.50 കോടി

അപകടവാസ്ഥയിലായിരുന്ന തുറ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കാൻ എം.എൽ.എ 1.50 കോടി തുക അനുവദിക്കുകയായിരുന്നു. പദ്ധതിയുടെ ടെൻഡർ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. 16.65 മീറ്റർ നീളത്തിൽ 9.75 മീറ്റർ വീതിയിലാണ് പാലത്തിന്റെ നിർമ്മാണം. കൂടാതെ സംരക്ഷണ ഭീതിയും അപ്രോച്ച് റോഡും നിർമ്മിക്കുന്നതിനും പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

#പദ്ധതി വൈകിയത് പ്രളയം കാരണം

പദ്ധതിയുടെ രൂപരേഖ ആദ്യം തയ്യാറാക്കിയത് റൂബി സോഫ്‌ടെക്ക് ആയിരുന്നു. 2018 ലെ പ്രളയത്തിന് ശേഷം ജലനിരപ്പിലെ വ്യത്യാസവും രൂപരേഖയിലെ കോഡുകളിൽ വന്ന മാറ്റവും കാരണം പൊതുമരാമത്ത് വകുപ്പ് രൂപരേഖ വിഭാഗമായ ഡ്രിക്ക് ഇതിന് അംഗീകാരം നൽകാതെ വരികയും തുടർന്ന് ഡ്രിക്ക് തന്നെ പുതിയ രൂപരേഖ തയ്യാറാക്കുകയുമായിരുന്നു. അതിന് ശേഷം പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കിയതിനെ തുടർന്ന്‌ടെൻഡർ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുവാൻ സാധിച്ചത്. ഇത് മൂലമാണ് പദ്ധതി വൈകിയതെന്ന് എം.എൽ.എ പറഞ്ഞു.