പറവൂർ: കൊവിഡ് സ്ഥിരീകരിച്ച വൈദിക വിദ്യാർത്ഥിയുടെയും അടുത്ത ബന്ധുവായ ആറു വയസുള്ള കുട്ടിയുടെയും വീട്ടുകാരുടെയും സ്രവ പരിശോധന ഫലം നെഗറ്റീവായതായി നഗരസഭ അറിയിച്ചു. വൈദീക വിദ്യാർത്ഥിയുമായി കൂടുതൽ സമ്പർക്കമുണ്ടായ അഞ്ചു പേരുടെ സ്രവവും ശേഖരിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ ഫലം ലഭിക്കും. പള്ളിപ്പുറം പഞ്ചായത്തിൽ ഉറവിടമറിയാതെ കൊവിഡ് സ്ഥിരീകരിച്ച വീട്ടമ്മ ജൂൺ 29, ജൂലായ് 3 തീയതികളിൽ താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടറെ കാണുകയും വിവിധ ലാബ് ടെസ്റ്റുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഈ ദിവസങ്ങളിൽ രാവിലെ ഏട്ടര മുതൽ വൈകിട്ട് നാല് വരെയുള്ള സമയങ്ങളിൽ ഇവർ ആശുപത്രിയിലുണ്ടായിരുന്നു. രണ്ടു ദിവസങ്ങളിലായി നാനൂറ്റി അൻപതോളം രോഗികൾ ആശുപത്രിയിൽ എത്തിയിരുന്നു. അന്ന് ആശുപത്രിയിലുണ്ടായിരുന്ന ജീവനക്കാരെ ക്വാറന്റീനിലാക്കി. ഈ ദിവസങ്ങളിൽ ആശുപത്രിയിലെത്തിയവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും രോഗലക്ഷണങ്ങൾ ഉണ്ടായാൽ അവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഹെൽത്ത് സെന്ററിൽ റിപ്പോർട്ട് ചെയ്യണമെന്നും സൂപ്രണ്ട് അറിയിച്ചു.
#അടിയന്തര ചർച്ച ഇന്ന്
സാമൂഹ്യ വ്യാപനം ഭയക്കുന്ന സാഹചര്യത്തിൽ താലൂക്ക് ആശുപത്രിയിൽ രോഗികൾ സന്ദർശിക്കുന്നതിന് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനെക്കുറിച്ച് ഇന്ന് രാവിലെ പതിനൊന്നിന് കൗൺസിൽ ഹാളിൽ മോണിറ്ററിംഗ് കമ്മിറ്റി കൂടുമെന്ന് നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിൽ പറഞ്ഞു.
# നിയന്ത്രണം ശക്തം
കൊവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊലീസും ആരോഗ്യവകുപ്പും പരിശോധന കർശനമാക്കി. മാസ്ക് ധരിക്കാത്ത രണ്ട് പേർക്കെതിരെ കേസെടുത്തു. വ്യാപാരസ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്നും വരുന്നയാളുകളുടെ പേരുവിവരങ്ങൾ രജിസ്റ്ററിൽ സൂക്ഷിക്കുന്നുണ്ടോയെന്നും പരിശോധിച്ചു. നഗരത്തിൽ നിന്നു മാറിയുള്ള പല കടകളിലും ജാഗ്രത കുറവുള്ളതായി ശ്രദ്ധയിൽപ്പെട്ടതിനാൽ വരും ദിവസങ്ങളിലും പരിശോധന തുടരും. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് നഗരസഭാധികൃതർ അറിയിച്ചു.