photo
വെള്ളക്കെട്ടിലായ വീടിന് മുന്നിൽ വീട്ടുടമയായ വയോധിക

വൈപ്പിൻ: 42 വർഷത്തെ വഴിയടച്ച് ചുറ്റുമതിൽ കെട്ടിയതോടെ വീടിനു ചുറ്റുമുള്ള വെള്ളക്കെട്ടിൽ ഒറ്റപ്പെട്ട് വയോധിക.

73 ക്കാരിയായ സരസയുടെ ചെറിയ വീടും പറമ്പുമാണ് വെള്ളക്കെട്ടിലായത്. ഭർത്താവ് മരിച്ചു പോയ ഇവർ ഒറ്റക്കാണ് താമസം .രണ്ട് മാസം മുൻപ് ഒഴിവ് തോടിനരികിൽ താമസിക്കുന്ന പ്രജീഷ് എന്നയാൾ വഴി തന്റെ വസ്തുവിനോട് കൂട്ടി ചേർത്ത് വഴിയടച്ച് ചുറ്റുമതിൽ നിർമ്മിച്ചു. കുഴുപ്പിള്ളി ചെറുവൈപ്പ് ജംഗ്ഷന് പടിഞ്ഞാറ് വശത്തെ വഴിക്കടിയിലൂടെ പോയിരുന്ന പൈപ്പുകൾ പൊളിച്ചു നീക്കുകയും ചെയ്തു. ഇതോടെ സരസയുടെ ചെറിയ വീടും പറമ്പും വെള്ളക്കെട്ടിലായി.

പറവൂർ മുൻസിഫ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് വഴി സ്ഥാപിച്ചത്. കിഴക്ക് പഞ്ചായത്ത് റോഡ് മുതൽ പടിഞ്ഞാറ് ഒഴിവ് തോട് വരെ ബാലചന്ദ്രൻ , സരസ , പ്രജീഷ് എന്നിവരുടെ വസ്തുവിന്റെ തെക്കേ അരികിലൂടെയാണ് വഴി.
ഈക്കാര്യത്തിൽ കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിൽ പരാതി ലഭിച്ചതനുസരിച്ച് വാർഡ് മെമ്പറും പഞ്ചായത്ത് എൻജിനീയറും സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകി. പ്രസിഡന്റും വാർഡ് മെമ്പറും ഉൾപ്പെടെയുള്ള പഞ്ചായത്ത് പരിഹാര കമ്മിറ്റി പൈപ്പ് പുനസ്ഥാപിക്കാൻ തീരുമാനിച്ചെങ്കിലും വഴി കൈയേറി മതിൽ കെട്ടിയ ആൾ വഴങ്ങിയില്ല .
ഇതിനിടെ ഇക്കാര്യം മുനമ്പം പൊലീസ് സ്റ്റേഷനിലുമെത്തി . റിട്ട എസ് ഐ കൂടിയായ മറ്റൊരു അയൽവാസി 42 വർഷം മുൻപുള്ള കോടതി വിധിയുമായി മുനമ്പം സ്റ്റേഷനിലെത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തിയെങ്കിലും കൊവിഡ് ഡ്യൂട്ടിയുടെ തിരക്ക് ആയതിനാൽ പൊലീസിന് ഇക്കാര്യത്തിൽ ഇടപെടാൻ സമയം കിട്ടിയിട്ടില്ല.