ആലുവ: ഉറവിടമറിയാത്ത കൊവിഡ് രോഗികൾ കൂടിയതോടെ ആലുവ നഗരം പൂർണമായി കണ്ടെയ്ൻമെന്റ് സോണിലാക്കാനും ആലുവ മാർക്കറ്റ് പൂർണമായി അടക്കാനും തീരുമാനം. നഗരസഭ പരിധിയിൽ തോട്ടക്കാട്ടുകര മേഖലയെ മാത്രമാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്.നഗരത്തിലെ ഒമ്പതാം വാർഡ് മുതൽ 23 -ാം വാർഡ് വരെയുള്ള വാർഡുകളിൽ 8,14 വാർഡുകൾ ഒഴികെയുള്ളവയാണ് കണ്ടെയ്ൻമെന്റ് സോണിലാക്കിയത്. ബൈപ്പാസ് മേഖല ഉൾപ്പെടുന്നതാണ് ഒഴിവാക്കപ്പെട്ട എട്ടാം വാർഡ്. ചെമ്പകശേരി മേഖലയാണ്14 -ാം വാർഡ്. എന്നാൽ കൊവിഡ് രോഗികൾ ചികിത്സ തേടിയ ആശുപത്രിയും മാർക്കറ്റിന് കേവലം 150 മീറ്റർ മാത്രം അകലവുമുള്ള വാർഡാണ് എട്ട്. ഈ വാർഡിലെ കൗൺസിലറും ഇന്നലെ കൊവിഡ് ടെസ്റ്റിനായി സ്രവം നൽകിയവരിലുണ്ട്. നേരത്തെ വൈദികന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നസ്രത്ത് വാർഡും മാർക്കറ്റിലെ ഓട്ടോറിക്ഷ തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മാർക്കറ്റ് ഭാഗത്തെ വാർഡും മാത്രമാണ് കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നത്.കീഴ്മാട് പഞ്ചായത്തിലെ അഞ്ചാം വാർഡിന് പുറമെ നാലാം വാർഡും ചൂർണ്ണിക്കരയിലെ 7-ാം വാർഡും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
#ആലുവ മാർക്കറ്റ് വീണ്ടും അടച്ചു
ആലുവ മാർക്കറ്റിൽ പുലർച്ചെ രണ്ട് മുതൽ 9.30വരെ മൊത്ത വ്യാപാരത്തിന് കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ഇതാണ് ഇന്നലെ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. കൊവിഡിന്റെ പ്രതിരോധത്തിന്റെ ഭാഗമായുള്ള സർക്കാർ തീരുമാനം നാടിന്റെയും ജനങ്ങളുടേയും സുരക്ഷക്കായി എല്ലാവരും കർശനമായി പാലിക്കണമെന്ന് അൻവർ സാദത്ത് എം.എൽ.എ അഭ്യർത്ഥിച്ചു.
# ഉറവിടമറിയാത്ത രണ്ട് കൊവിഡ്
ആലുവ മേഖലയിൽ ഇന്നലെ ഉറവിടമറിയാത്ത രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷന് സമീപം ചായക്കട നടത്തുന്ന 64 കാരനും എടത്തല സ്വദേശിയായ 59 കാരനുമാണ് ഉറവിടമറിയാത്ത കൊവിഡ് ബാധിതർ. ഇതര സംസ്ഥാനക്കാരുടെ ഏറെ സാന്നിദ്ധ്യമുള്ളിടത്താണ് ചായക്കട. ഇയാളുടെ മകൻ അടുത്തിടെ വിദേശത്ത് നിന്നും വന്ന് ക്വറന്റൈനിൽ പോയെങ്കിലും കൊവിഡ് ബാധിച്ചിരുന്നില്ല. അതിനാൽ പുറമെ നിന്നുമാണ് വൈറസ് ബാധിച്ചതെന്നാണ് അനുമാനിക്കുന്നത്.
173 പേർക്ക് കൊവിഡ് ടെസ്റ്റ് നടത്തി
ഉറവിടമറിയാതെ നിരവധി പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആലുവയിൽ 173 പേർക്ക് കൊവിഡ് ടെസ്റ്റ് നടത്തി. ആലുവ എം.ജി ടൗൺ ഹാളിലും തോട്ടക്കാട്ടുകര പ്രിയദർശിനി ടൗൺ ഹാളിലുമായിട്ടായിരുന്നു ടെസ്റ്റ് സംഘടിപ്പിച്ചത്.
ഡോ. ഗൗരി കൃപ, ഡോ.പി. ഫിറോസ്, സ്റ്റാഫ് നേഴ്സ് വിജയലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മാർക്കറ്റിലെ ചുമട്ടു തൊഴിലാളി, ഓട്ടോറിക്ഷ ഡ്രൈവർ, മാദ്ധ്യമ പ്രവർത്തകൻ, വൈദികൻ, ചെറുകിട വ്യവസായി, കരാറുകാരൻ എന്നിവർക്കാണ് ആലുവയിൽ ഉറവിടമറിയാതെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരുമായി ബന്ധമുള്ള നഗരസഭ കൗൺസിലർമാർ, മാദ്ധ്യമ പ്രവർത്തകർ, തൊഴിലാളി യൂണിയൻ നേതാക്കൾ, മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, ട്രാവത്സ് ജീവനക്കാർ, പൊതുമാർക്കറ്റിലെ പച്ചക്കറി കയറ്റിയിറക്ക്, പച്ചമത്സ്യം കയറ്റിയിറക്ക്, ഓട്ടോറിക്ഷ ഡ്രൈവർമാർ തുടങ്ങി വിവിധ മേഖലകളിലുള്ളവരുടെ സ്രവമാണ് പരിശോധന നടത്തിയത്.