കൊച്ചി : നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ പൊലീസ് തങ്ങളെ ഉപദ്രവിക്കുന്നെന്നാരോപിച്ച് പ്രതികളുടെ ഭാര്യമാർ ഹൈക്കോടതിയിൽ ഹർജി നൽകി. ഏഴാം പ്രതി ഷെരീഫിന്റെ ഭാര്യ സോഫിയ, ഒന്നാം പ്രതി റഫീക്കിന്റെ ഭാര്യ ഷഫ്‌ന, ആറാം പ്രതി ഷെമീലിന്റെ ഭാര്യ രഹ്നാസ് എന്നിവരാണ് ഹർജി നൽകിയത്.
നടി ഷംന കാസിമിന്റെ വീട്ടിൽ വിവാഹാലോചനയുമായെത്തി സൗഹൃദം സ്ഥാപിച്ച് പ്രതികൾ പണംതട്ടാൻ ശ്രമിച്ചെന്ന കേസിൽ മരട് പൊലീസ് പ്രതികളെ അറസ്റ്റുചെയ്തിരുന്നു. പ്രതികൾ കൂടുതൽപേരെ തട്ടിപ്പിനിരയാക്കിയെന്ന് കണ്ടെത്തിയതോടെ ഏഴു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് അടിക്കടി വീട്ടിലെത്തി പ്രതികൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിക്കുന്നെന്നും മൊഴി നൽകിയില്ലെങ്കിൽ തങ്ങളെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നെന്നും ഹർജിയിൽ പറയുന്നു. തങ്ങളെ ഉപദ്രവിക്കരുതെന്ന് പൊലീസിനു നിർദ്ദേശം നൽകണമെന്നാണ് ആവശ്യം.
ഷംന കാസിം കേസിൽ പ്രതി ചേർക്കുമെന്ന ആശങ്കയിൽ സോഫിയ നേരത്തെ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലെ തുടർ നടപടികൾ ഇവർ പ്രതിയല്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെ അവസാനിപ്പിച്ചിരുന്നു.