കൊച്ചി : കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ സർക്കാരിന് ബാദ്ധ്യത ഉണ്ടെന്നും ഇവരെ തിരിച്ചറിയാനുള്ള വ്യക്തിവിവരങ്ങൾ ഉൾപ്പെടെ ശേഖരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
ലോക്ക് ഡൗൺ നിയന്ത്രണങ്ങളെത്തുടർന്ന് അന്യസംസ്ഥാന തൊഴിലാളികൾ നേരിടുന്ന ദുരിതങ്ങൾ കണക്കിലെടുത്ത് ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയും കൊച്ചിയിലെ ജനസമ്പർക്കസമിതി നൽകിയ ഹർജിയും തീർപ്പാക്കിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം.
അന്യ സംസ്ഥാന തൊഴിലാളികൾക്ക് താമസസൗകര്യവും മെച്ചപ്പെട്ട ജീവിതവും തൊഴിലുടമകൾ നൽകുന്നുണ്ടെന്ന് ഉറപ്പാക്കണം. കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിയന്ത്രണങ്ങൾക്ക് അനുസൃതമായി സൗകര്യമൊരുക്കണം. ആരെയും തടയുന്നില്ലെന്ന് ഉറപ്പാക്കണം.കേരളത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികൾ എത്തുന്നുണ്ടെങ്കിലും ഇവരുടെ വിവരങ്ങൾ സർക്കാരിന്റെ പക്കലില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. വിവരശേഖരണം അനിവാര്യമാണ്. കളക്ടർമാർക്കും നോഡൽ ഒാഫീസർമാർക്കും ഇതിന്റെ ചുമതല നൽകാം. ജൂൺ 23 വരെ 216 ശ്രമിക് ട്രെയിനുകളിലായി 3,07,138 പേരാണ് നാട്ടിലേക്ക് മടങ്ങിയത്. ഇവിടെയുള്ളവരുടെ താമസം, ഭക്ഷണം തുടങ്ങിയ പ്രശ്നങ്ങൾ നോഡൽ ഒാഫീസർമാർ മുഖേന പരിഹരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി
പൊലീസ് ക്ളിയറൻസ്
അന്യസംസ്ഥാന തൊഴിലാളികൾക്ക് അവരുടെ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ക്ളിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സർക്കാരിന് ഉത്തരവിറക്കാം. ഇവർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടത് ഒാർക്കണം. രജിസ്ട്രേഷനില്ലെങ്കിൽ ഇവരെ കണ്ടെത്താൻ ബുദ്ധിമുട്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.