klm
കമലാക്ഷി അമ്മയുടെ മുടി പീസ് വാലിയിലെ പ്രവർത്തർ വെട്ടുന്നു

കോതമംഗലം: തൃക്കാരിയൂരിൽ ആരും സംരക്ഷിക്കാനില്ലാതെ മലമൂത്ര വിസർജ്യത്തിൽ കിടന്നിരുന്ന വൃദ്ധയെ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കുളിപ്പിച്ച് ജടപിടിച്ച മുടി വെട്ടി ഒതുക്കുകയായിരുന്ന നെല്ലിക്കുഴി പീസ് വലയിലെ മെഡിക്കൽ ഓഫീസർ ഡോ: സുനീറയോട് 70കാരി കമലാക്ഷി അമ്മയുടെ സ്നേഹത്തോടെയുള്ള അപേക്ഷയായിരുന്നു മോളേ മുടി തീർത്തും കളയണ്ടാട്ടോ എന്ന്. കുറച്ചേകളയുന്നുള്ളൂ എന്നായിരുന്നു ഡോ: സുനീറയുടെ മറുപടി.

തൃക്കരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂളിന് സമീപം അവിവാഹിതരായ സഹോദരനോടും സഹോദരിയോടും കൂടെ ഇടിഞ്ഞ് വീഴാറായ ജീർണ്ണിച്ച വീട്ടിലായിരുന്നു കമലാക്ഷി കഴിഞ്ഞിരുന്നത്. പ്രായാധിക്യവും അസുഖങ്ങളും മൂലം കിടപ്പിലായിരുന്ന കമലാക്ഷിയമ്മ കുളിച്ചിട്ട് ആഴ്ചകൾ പിന്നിട്ടിരുന്നു. മുടി ജടപിടിച്ച് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു .വോക്കറിന്റെ സഹായത്തോടെ മാത്രം എഴുന്നേൽക്കാൻ കഴിയുന്ന സഹോദരിക്കോ ദുർബലനായ സഹോദരനോ ഇവരെ പരിചരിക്കാൻ കഴിഞ്ഞിരുന്നില്ല. കമലാക്ഷി അമ്മയുടേയും കുടുംബത്തിന്റെയും ദുരവസ്ഥ വാർഡ് മെമ്പർ മുഖേന അറിഞ്ഞ പീസ് വാലി അധികൃതർ നേരിട്ടെത്തി വൃദ്ധ്യുടെ ദുരവസ്ഥ മനസിലാക്കി സ്ഥാപനത്തിന് കീഴിലുള്ള സാമൂഹിക പുനരധിവാസ കേന്ദ്രത്തിൽ പ്രവേശനം നൽകാൻ തീരുമാനിക്കുകയായിരുന്നു. ദീർഘകാലമായിട്ട് കിടപ്പിലായതിനാൽ ശരീരത്തിൽ പലേടത്തും വ്രണങ്ങൾ ഉണ്ട്. കോതമംഗലം തഹസിൽദാർ റേയിച്ചൻ കെ.വർഗീസ്, തൃക്കാരിയൂർ വില്ലേജ് ഓഫീസർ പി.എം.റഹീം, വാർഡ് മെമ്പർ സന്ധ്യാ സുനിൽ എന്നിവരും പീസ് വാലി അധികൃതരോടൊപ്പം സന്നിഹിതരായിരുന്നു.