കൊച്ചി: യാത്രാക്കാരുടെ കുറവും വരുമാന നഷ്ടവും കൂടിയതോടെ കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ വെട്ടിക്കുറച്ചു. ഇന്നലെ മാത്രം എറണാകുളം ജില്ലയിൽ 35 സർവീസകൾ മാത്രമാണ് നടത്തിയത്. റിലേ സർവീസുകൾക്കതായി എറണാകുളം ഡിപ്പോയിൽ ബസുകൾ ക്രമീകരിച്ചെങ്കിലും പലതും പിന്നീട് ഒഴിവാക്കി. ഒഡിനറി ബസുകളിൽ പോലും ആളില്ല. ലോക്ക് ഡൗൺ ഇളവിന് ശേഷം 23 ബസുകളുമായാണ് കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചത്. പിന്നീട് 48 ആയി ഉയർത്തി. കഴിഞ്ഞ തിങ്കളാഴ്ച കൂടുതൽ യാത്രാക്കാരെ പ്രതീക്ഷിച്ചിരുന്നെങ്കിലും രണ്ടു ലക്ഷം രൂപയ്ക്കടുത്ത് മാത്രമാണ് വരുമാനം ലഭിച്ചത്. ചൊവാഴ്ച ഇത് ഒന്നേ മുക്കാൽ ലക്ഷമായി കുറഞ്ഞു. ശരാശരി 500 രൂപ പോലും ഒരു ബസിൽ നിന്നും കിട്ടുന്നില്ല. സുരക്ഷാ മുന്നൊരുക്കങ്ങൾ പാലിക്കുന്നുണ്ടെങ്കിലും പൊതു ഗതാഗത സംവിധാനത്തെ യാത്രക്കാർ പാടെ ഉപേക്ഷിച്ച മട്ടാണ്.
റിലേ സർവീസും
ക്ലച്ചു പിടിച്ചില്ല
ജില്ലകളെ കൂട്ടിയിണക്കി കോർപ്പറേഷൻ ആരംഭിച്ച റിലേ സർവീസുകളും ക്ലച്ചു പിടിച്ചില്ല.യാത്രാക്കാരുടെ കുറവ് തന്നെയാണ് കാരണം. ഡീലക്‌സ് നിരക്കിലായിരുന്നു സർവീസ്..ഇതിനോട് യാത്രാക്കാർ പലരും മുഖം തിരിച്ചു. ഇതോടെ ഡീലക്‌സ് ബസുകൾ മാറ്റി സൂപ്പർഫാസ്റ്റ് നിരക്കിൽ ഇന്നലെ മുതൽ സർവീസ് ക്രമീകരിച്ചു. വരുമാനം കുറഞ്ഞാലും കൂടുതൽ യാത്രക്കാരെ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു തീരുമാനം. ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് ബസുകളുടെ സർവീസുകളെ ബാധിക്കുമെന്ന ആശങ്കയിലാണ് അധികൃതർ.
സർവീസ് വെട്ടിച്ചുരുക്കേണ്ട സ്ഥിതി
യാത്രാക്കാരുടെ അഭാവം മൂലം വരും ദിവസങ്ങളിലും സർവീസുകൾ വെട്ടിച്ചുരുക്കേണ്ട സ്ഥാതിയാണ്. നിലവിൽ വരുന്ന യാത്രാക്കാർക്ക് സൗകര്യമൊരുക്കുക എന്നതാണ് ലക്ഷ്യം. റിലേ സർവീസുകൾ പരീക്ഷണാടിസ്ഥാനത്തിലാണ് ഇന്നലെ മുതൽ സൂപ്പർ ഫാസ്റ്റ് നിരക്കിൽ ഓടിച്ചത്. ഇതു ഫലം ചെയ്യുമെന്നാണ് കരുതുന്നത്.
വി.എം താജുദ്ദീൻ
ഡി.ടി.ഒ.
എറണാകുളം