മൂവാറ്റുപുഴ: പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൽ ഡ്രൈവർക്കും ഭാര്യയ്ക്കും കൊവിഡ് 19 സ്ഥിതീകരിച്ചതോടെ ഇവരുടെ സമ്പർക്ക ലിസ്റ്റിൽ ഉൾപ്പെട്ട ബന്ധു കൂടിയായ കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിലെ കുടുംബത്തിലെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും പഞ്ചായത്തിലെ ആറാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തതോടെ പഞ്ചായത്തിൽ കൊവിഡ് 19 നിയന്ത്രണങ്ങൾ കർശനമാക്കാൻ പഞ്ചായത്തിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. കല്ലൂർക്കാട് പഞ്ചായത്തിൽ ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നടക്കം എത്തിയ 36 പേരാണ് ഹോം കോറെന്റയിനിൽ കഴിയുന്നത്.യോഗത്തിൽ എൽദോ എബ്രഹാം എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി, ആർ.ഡി.ഒ ചന്ദ്രശേഖരൻ നായർ കെ, പഞ്ചായത്ത് മെമ്പർമാരായ ടോണി വിൻസന്റ്, സുജിത്ത് ബേബി, മർച്ചന്റ് അസോസിയേഷൻ ജില്ലാ ട്രഷറർ അജ്മൽ ചക്കുങ്ങൽ, യൂണിറ്റ് പ്രസിഡന്റ് ജോയി തോമസ്, എസ്.ഐ മനോജ്.ടി.കെ, ഫയർ അസിസ്റ്റന്റ് ഓഫീസർ കെ.ടി. പ്രഗോഷ്, മെഡിക്കൽ ഓഫീസർ ഡോ.ജയമോൾ വി.ജെ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അരുൺ.എം.ശശി, പഞ്ചായത്ത് സെക്രട്ടറി ഷൈജു വർഗീസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
#ആറാം വാർഡിൽ കൂടുതൽ നിയന്ത്രണങ്ങൾ
കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗ തീരുമാനങ്ങൾ കർശനമായി നടപ്പിലാക്കുന്നതോടൊപ്പം കണ്ടെയ്‌മെന്റ് സോണായ ആറാം വാർഡിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കുവാനും തീരുമാനിച്ചു.
പഞ്ചായത്തിൽ മാസ്‌ക് നിർബന്ധമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും പൊലീസിനെ ചുമതലപ്പെടുത്തി. ക്ഷീരകർഷകർ ഏറെയുള്ള ആറാം വാർഡ് കണ്ടെയ്‌മെന്റ് സോണാക്കിയതോടെ പാൽ വിതരണത്തിൽ കർഷകർ നേരിടുന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ഇവരുടെ പാൽ ഒരുമിച്ച് ശേഖരിച്ച് മിൽമയ്ക്ക് കൈമാറുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് വാർഡ് മെമ്പർ ടോണി വിൻസന്റിനെ ചുമതലപ്പെടുത്തി.ആളുകൾ കൂടുതൽ എത്തുന്ന പഞ്ചായത്ത് ഓഫീസിലും ക്രമീകരണം നടത്തും. കണ്ടെയ്‌മെന്റ് സോൺ ഉൾപ്പടെ അണുവിമുക്തമാക്കൽ നടപടികൾ സ്വീകരിക്കാനും തീരുമാനമായി. സ്വകാര്യ സർവീസ് നടത്തുന്ന വാഹനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും കൊവിഡ് ഡയറി നിർബന്ധമാക്കി. പഞ്ചായത്തിൽ പ്രവർത്തിക്കുന്ന എ.ടി.എമ്മുകൾ എല്ലാ ദിവസവും വൈകുന്നേരം അണുനശീകരണം നടത്തുന്നതിന് ബാങ്കുകൾക്ക് നിർദ്ദേശം നൽകും.