sumitkumar

കൊച്ചി: മുൻ പത്രപ്രവർത്തകൻ കൂടിയായ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്മേൽ നടത്തിയ തന്ത്രപരമായ നീക്കമാണ് സ്വർണക്കള്ളക്കടത്ത് സംഘത്തെ കുടുക്കിയത്. ഇന്ത്യയുമായി നല്ല ബന്ധമുള്ള യു.എ.ഇയുമായി ബന്ധപ്പെട്ട പാഴ്സലിനെപ്പറ്റിയുള്ല സംശയം കേന്ദ്രത്തെ അറിയിച്ച് അതിവേഗതയിൽ നടത്തിയ ദൗത്യമാണ് ഇതിന് വഴിതെളിച്ചത്.

ഇന്ത്യൻ റവന്യൂ സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് സുമിത്കുമാർ. ഐ.ആർ.എസ് നേടുന്നതിന് മുമ്പ് മുംബയിൽ പ്രമുഖ ഇംഗ്ളീഷ് പത്രത്തിൽ അഞ്ച് വർഷത്തിലേറെ പ്രവർത്തിച്ചിട്ടുണ്ട്. അന്വേഷണാത്മക റിപ്പോർട്ടിംഗായിരുന്ന ഇഷ്ടവിഷയം. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് അടുപ്പമുണ്ടെങ്കിലും ഒൗദ്യോഗിക വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാകില്ല. ജോലിയിൽ പൂർണമായ ആത്മാർത്ഥതയാണ് പ്രത്യേകതയെന്ന് സഹപ്രവർത്തകർ പറയുന്നു.

യു.എ.ഇ കോൺസുലേറ്റിന്റെ വിലാസത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഡിപ്ളോമാറ്റിക് ബാഗേജിനെക്കുറിച്ച് അതീവരഹസ്യമായ വിവരം സുമിത്കുമാറിനാണ് ലഭിച്ചത്. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്നതാണ് ബാഗേജ് പരിശോധനയെന്ന് അറിയാമെങ്കിലും ,സ്കാൻ ചെയ്ത് പരിശോധിക്കാൻ നിർദേശിച്ചു. ലോഹവസ്തുക്കൾ സ്കാനിംഗിൽ കണ്ടെത്തി. ബാഗേജ് വിട്ടുകിട്ടാൻ ലഭിച്ച ചില ഫോൺ വിളികളും സംശയം വർദ്ധിപ്പിച്ചു.ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയവുമായി അദ്ദേഹം നേരിട്ടു ബന്ധപ്പെട്ടു. ബാഗേജ് തുറന്നു പരിശോധിക്കാൻ അനുമതി തേടി. യു.എ.ഇ എംബസിയെ വിവരമറിയിച്ച് കേന്ദ്രം അനുമതി നൽകി. ദൗത്യം നടപ്പാക്കാൻ ജോയിന്റ് കമ്മിഷണർ അനീഷ് പി. രാജിനെ ചുമതലപ്പെടുത്തി. അദ്ദേഹവും മറ്റൊരു ജോയിന്റ് കമ്മിഷണറും ചേർന്നാണ് യു.എ.ഇ കോൺസുലേറ്റ് പ്രതിനിധിയുടെ സാന്നിദ്ധ്യത്തിൽ ബാഗേജ് തുറന്നത്.

തിരുവനന്തപുരത്തെ ഉൾപ്പെടെ കസ്റ്റംസിലെ പ്രമുഖരും കേന്ദ്രരഹസ്യാന്വേഷണ ഏജൻസികളും അറിയാതെയാണ് രാജ്യത്തെ ഞെട്ടിച്ച സ്വർണക്കടത്ത് സ്ഥിരീകരിച്ചത്.ബാഗേജ് തുറക്കും മുമ്പുതന്നെ കോൺസുലേറ്റ് മുൻ പി.ആർ.ഒ സരിത്തിനെ സംബന്ധിച്ച വിവരങ്ങളും ലഭിച്ചിരുന്നതായി കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞു. ബാഗേജ് വിട്ടുകിട്ടാൻ കേരളത്തിനകത്തും പുറത്തും നിന്ന് ബന്ധപ്പെട്ടവരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇവരെയും ചോദ്യം ചെയ്യുന്നതോടെ കള്ളക്കടത്തുകാരുടെ കണ്ണികൾ സംബന്ധിച്ച നിർണായകവിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ് അധികൃതർ.