കൊച്ചി: കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ ചെല്ലാനം പഞ്ചായത്ത് പൂർണ്ണമായും അടച്ചു. അഞ്ചുദിവസം മുമ്പ് മത്സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ചെല്ലാനം ഹാർബർ അടച്ചിരുന്നു. കഴിഞ്ഞ ദിവസം ഓട്ടോക്കാരനും രോഗം സ്ഥിരീകരിച്ചു. സമ്പർക്ക രോഗികളുടെ എണ്ണം കൂടിയതോടെയാണ് ചെല്ലാനത്തിന് പൂട്ടിടുന്നതായി മന്ത്രി വി.എസ് സുനിൽകുമാർ അറിയിച്ചത്. ഇന്നലെ 90 വയസുകാരനുൾപ്പെടെ മൂന്ന് പേർക്കാണ് ചെല്ലാനത്ത് സമ്പർക്കത്തിലൂടെ രോഗം ഉണ്ടായിട്ടുള്ളത്. രോഗലക്ഷണങ്ങൾ ഉള്ളവർ പുറത്തു പോവുകയോ കുടുംബാംഗങ്ങളുമായി സമ്പർക്കം പുലർത്തുകയോ ചെയ്യരുത്. അവശ്യസാധനങ്ങൾക്ക് മാത്രമേ ആളുകൾക്ക് പുറത്തിറങ്ങാനാവൂ. അതേസമയം,​ ചെല്ലാനത്തിന് അകത്തേക്കോ അകത്ത് നിന്ന് പുറത്തേക്കോ യാത്ര അനുവദിക്കില്ല.