ഞാനൊന്നുമറിഞ്ഞില്ലെന്നാണ് സ്വപ്നയുടെ നിലപാട്. എല്ലാം ചെയ്തത് യു.എ.ഇ കോൺസുലേറ്റ് പ്രതിനിധി റാഷിദ് ഖാമിസ് അൽ ഷിമേലി പറഞ്ഞതനുസരിച്ച്. ബാഗുകൾ കൈപ്പറ്റുന്നത് കോൺസുലേറ്റ് പി.ആർ.ഒ ആയതിനാൽ വിമാനത്താവളത്തിലേക്കും പോയില്ല. ഇങ്ങനെ, താൻ നിരപരാധിയാണെന്ന് സ്വപ്ന പറയുമ്പോൾ എല്ലാം ചെയ്തത് കോൺസുലേറ്റ് പ്രതിനിധിക്ക് വേണ്ടിയാണെന്ന് പറഞ്ഞുവയ്ക്കുന്നു.
സ്വപ്നയും സരിത്തും കോൺസുലേറ്റിൽ നിന്ന് പുറത്തായിട്ടും പലതിനും റാഷിദ് ഇവരുടെ സഹായം തേടി. ഇത് എന്തിനെന്ന ചോദ്യമാണ് കാേൺസുലേറ്റ് പ്രതിനിധിയെ സംശയമുനയിൽ നിറുത്തുന്നത്. കസ്റ്റംസിന്റെ ചാരക്കണ്ണുകളിൽ റാഷിദ് നോട്ടപ്പുള്ളിയാണ്.
2016 മുതൽ 2019 സെപ്തംബർ വരെ യു.എ.ഇ കോൺസുലേറ്റ് ജനറൽ ഓഫീസിലെ എക്സിക്യൂട്ടീവ് സെക്രട്ടറിയായിരുന്നു സ്വപ്ന. പിന്നീട് രാജിവച്ച് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് കമ്പനിയിലെ കരാർ സ്റ്റാഫായി. ഐ.ടി വകുപ്പിന്റെ സ്പേസ് പാർക്ക് പദ്ധതിയിലായിരുന്നു പ്രവർത്തനം.
കോൺസുലേറ്റിലെ മുൻ ജോലിപരിചയം നിമിത്തം അവിടെ നിന്ന് ഭരണകാര്യങ്ങളിൽ തന്റെ സഹായം തേടിയെന്നാണ് സ്വപ്നയുടെ അവകാശവാദം. കൊവിഡ് ഭീഷണിയെത്തുടർന്ന് ഏപ്രിലിൽ കോൺസുലേറ്റ് ജനറൽ യു.എ.ഇയിലേക്ക് തിരികെ പോയി. റാഷിദ് ഖാമിസ് അൽ ഷിമേലിക്ക് താല്കാലിക ചുമതല നൽകി. ഇക്കാലത്ത് കോൺസുലേറ്റിൽ നിന്ന് ആവശ്യപ്പെട്ടതനുസരിച്ച് സേവനം നൽകിയെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ.
വിയന്ന കൺവെൻഷനിലെ വ്യവസ്ഥയനുസരിച്ച് എയർ വേ ബില്ലും നയതന്ത്ര ഉദ്യോഗസ്ഥൻ ഒപ്പിട്ട കത്തും കാർഗോ ഏജന്റിനു കൈമാറിയാണ് ഡിപ്ളോമാറ്റിക് ബാഗുകൾ ഏറ്റുവാങ്ങുന്നത്. ഈ ബാഗുകൾ കാർഗോ ഏജന്റു തന്നെ കോൺസുലേറ്റിന്റെ വാഹനത്തിൽ എത്തിക്കും. കോൺസുലേറ്റിന്റെ പി.ആർ.ഒയാണ് ഇതു കൈകാര്യം ചെയ്യുന്നത്. അതിനാൽ കസ്റ്റംസ് ഓഫീസിലോ കാർഗോ കോംപ്ലക്സിലോ തനിക്ക് പോകേണ്ടി വന്നിട്ടില്ലെന്ന് സ്വപ്ന പറയുന്നു.
റാഷിദ് പറഞ്ഞു, സ്വപ്ന അസി.കമ്മിഷണറെ വിളിച്ചു
തന്റെ പേരിൽ ജൂൺ 30 ന് എത്തിയ ബാഗിന്റെ കസ്റ്റംസ് ക്ലിയറൻസ് വൈകുന്നതു പരിശോധിക്കാൻ റാഷിദ് നിർദ്ദേശിച്ചെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. ഇതിനായി കോൺസുലേറ്റിൽ നിന്ന് ജൂലായ് ഒന്നിനും നിർദ്ദേശം ലഭിച്ചു. തുടർന്നാണ് കസ്റ്റംസ് അസി. കമ്മിഷണറെ വിളിച്ചത്. അസി.കമ്മിഷണർ എന്തു മറുപടി നൽകിയെന്ന് സ്വപ്ന പറയുന്നില്ല.
ബാഗ് തിരിച്ചുവിടാൻ
റാഷിദ് പറഞ്ഞു
ബാഗ് പരിശോധിക്കാൻ ജൂലായ് മൂന്നിന് രാവിലെ 11 മണിയോടെ റാഷിദ് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ജൂലായ് ഒന്നിന് വൈകിട്ട് കോൺസുലേറ്റിലേക്ക് കസ്റ്റംസിന്റെ ഇ - മെയിൽ ലഭിച്ചു. ഇതിനിടെ ബാഗ് തിരിച്ചയയ്ക്കാൻ നിർദ്ദേശിച്ച് കാർഗോ കോംപ്ലക്സിലെ അസി. കമ്മിഷണർക്ക് കത്തു തയ്യാറാക്കാൻ റാഷിദ് നിർദ്ദേശിച്ചെന്നും സ്വപ്ന പറയുന്നു. ഇതനുസരിച്ച് ഇ -മെയിൽ അയച്ചു. എന്നാൽ ജൂലായ് അഞ്ചിന് കാർഗോ തുറന്നു പരിശോധിക്കുന്നതിന് ഹാജരാകാനുള്ള നോട്ടീസാണ് കസ്റ്റംസ് മറുപടിയായി നൽകിയത്. ഇതിനായി ഡൽഹി ഹൈക്കമ്മിഷണർ ഓഫീസിലെ സീനിയർ ഉദ്യോഗസ്ഥനും കോൺസുൽ ജനറലും ഹാജരായി. തുടർന്നു നടത്തിയ പരിശോധനയിലാണ് 30 കിലോ സ്വർണം കണ്ടെടുത്തത്. ബാഗിലെ ഭക്ഷ്യവസ്തുക്കളിൽ മാത്രമാണ് കോൺസുലേറ്റ് അവകാശമുന്നയിച്ചത്. തുടർന്ന് പി.ആർ.ഒ സരിത്തിനെ ജൂലായ് അഞ്ചിന് കസ്റ്റഡിയിലെടുത്തു. തടഞ്ഞുവച്ച ബാഗ് തിരികെ അയയ്ക്കാൻ റാഷിദ് ശ്രമിച്ചതാണ് ദുരൂഹം. ഇയാളെ ചോദ്യം ചെയ്താലേ ഇക്കാര്യത്തിൽ വ്യക്തത വരൂ.
കോൺസുൽ ജനറലിന്റെ പ്രശംസ
മുഖ്യമന്ത്രിയുടെ ഓഫീസിനെയും തന്നെയും ബന്ധപ്പെടുത്തി നിരവധി ആരോപണങ്ങളും ഉന്നയിക്കപ്പെട്ടു. എന്നാൽ യു.എ.ഇ കോൺസുലേറ്റിലെ ജോലി രാജിവച്ചശേഷം ഐ.ടി വകുപ്പിന്റെ സ്പേസ് പാർക്ക് പദ്ധതിക്കായി പ്രൈസ് വാട്ടർഹൗസ് കൂപ്പർ കമ്പനിയിലെ കരാർ ജീവനക്കാരിയായാണ് ജോലി ചെയ്തത്. യു.എ.ഇ കോൺസുലേറ്റിലെ ജോലി രാജിവച്ചപ്പോൾ കോൺസുൽ ജനറലായിരുന്ന ജമാൽ ഹുസൈൻ അൽ സാബി രാജി സ്വീകരിച്ച് തന്റെ സേവനങ്ങളെ പ്രകീർത്തിച്ച് സർട്ടിഫിക്കറ്റ് നൽകിയെന്നും സ്വപ്ന അവകാശപ്പെടുന്നു.
നയതന്ത്രചാനൽ
നയതന്ത്ര ഓഫീസുകളുടെ കത്തിടപാടുകൾക്കും പാഴ്സലുകൾ കൈമാറുന്നതിനുമുള്ള നയതന്ത്ര ചാനൽ സുരക്ഷിതമായ ഇടനാഴിയാണ്. അതിലൂടെയുള്ള സ്വർണക്കടത്ത് കേരളത്തിൽ പിടികൂടുന്നത് ആദ്യമാണ്. നയതന്ത്രചാനൽ വഴി പാഴ്സലുകൾ വരുന്നത് മൂന്നു വിഭാഗങ്ങളായാണ്.
1 രഹസ്യ രേഖകൾ
അതീവരഹസ്യമായ നയതന്ത്ര രേഖകൾ, കത്തുകൾ, അന്വേഷണ റിപ്പോർട്ടുകൾ എന്നിവയടങ്ങുന്ന ബാഗേജ്. ഇത് തുറക്കാൻ നയതന്ത്ര പ്രതിനിധികൾക്ക് മാത്രമാണ് അവകാശം. ഒരു ഏജൻസിക്കും ബാഗേജ് തടഞ്ഞുവയ്ക്കാനോ പരിശോധിക്കാനോ അനുവാദമില്ല. നയതന്ത്രകാര്യാലയത്തിൽ നിന്ന് രാജ്യത്തിന്റെ സ്വന്തം എയർലൈനിലാണ് ഇത്തരം ബാഗേജുകൾ അയയ്ക്കുന്നത്. നയതന്ത്ര ഉദ്യോഗസ്ഥൻ വിമാനത്താവളത്തിലെത്തി ബാഗേജ് കൈപ്പറ്റും.
2 രഹസ്യമല്ലാത്ത രേഖകൾ
രഹസ്യ സ്വഭാവമില്ലാത്ത രേഖകൾ, ഉദ്യോഗസ്ഥരുടെ ഒൗദ്യോഗിക കത്തിടപാടുകൾ, കോൺസുലേറ്റലിലെ ബില്ലുകൾ. എയർ കാർഗോ വഴിയാണ് ഇത് അയയ്ക്കുന്നത്.
3 സ്റ്റേഷനറി
ഓഫീസ് സ്റ്റേഷനറി, ഉദ്യോഗസ്ഥർക്ക് വീടുകളിൽ നിന്ന് അയയ്ക്കുന്ന സാധനങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, വസ്ത്രങ്ങൾ. ഇതും എയർ കാർഗോ വഴിയാണ് അയയ്ക്കുന്നത്. വിദേശകാര്യ മന്ത്രാലയങ്ങളിൽ സീൽ വയ്ക്കുന്ന പാഴ്സലുകളിലുള്ള സാധനങ്ങളുടെ പട്ടികയും തയ്യാറാക്കും. ഇത് വിമാനത്തിലെ ക്യാപ്റ്റന് കൈമാറണമെന്നാണ് വ്യവസ്ഥ. തിരുവനന്തപുരത്ത് ഈ നയതന്ത്ര ചാനലിലൂടെയാണ് സ്വർണം കടത്തിയത്. രണ്ടും മൂന്നും കാറ്റഗറിയിലുള്ള പാഴ്സലുകൾ കൈപ്പറ്റാൻ വിമാനത്താവളങ്ങളിൽ സാധാരണ എത്തുക കോൺസൽ ജനറൽ പരിചയപ്പെടുത്തുന്ന പ്രതിനിധികളായിരിക്കും.
ഒരു കിലോ സ്വർണത്തിന്
അഞ്ച് ലക്ഷം രൂപ ലാഭം
യു.എ.ഇയിൽ ഒരു കിലോ തങ്കത്തിന്റെ വില 28 ലക്ഷം രൂപ. 12.5 ശതമാനം ഇറക്കുമതി നികുതിയും, മൂന്ന് ശതമാനം വിൽപ്പന നികുതിയും നൽകി നിയമപരമായി ഇന്ത്യയിൽ എത്തുമ്പോൾ 33 ലക്ഷം രൂപ വരും. കള്ളക്കടത്തിലൂടെ നികുതി അടയ്ക്കാതെ വരുമ്പോൾ 15.5 ശതമാനം ലാഭം. അതായത് ഒരു കിലോ സ്വർണം കടത്തുമ്പോൾ അഞ്ചു ലക്ഷം രൂപ ലഭിക്കും.