കൊച്ചി: കേന്ദ്ര മോട്ടോർ തൊഴിൽദ്രോഹ നിയമങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത മോട്ടോർവാഹന സമരസമിതി നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കാൻ കേരള സ്റ്റേറ്റ് മോട്ടോർ ആൻഡ് എൻജിനീയറിംഗ് ലേബർ സെന്റർ (എച്ച്.എം.എസ്) സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചു. ഓട്ടോ-ടാക്‌സി വാഹനങ്ങളുടെ നിരക്ക് പുതുക്കുക , ഓട്ടോ- ടാക്‌സി വാഹനങ്ങൾക്ക് സബ്‌സിഡി നിരക്കിൽ പെട്രോൾ-ഡീസൽ നൽകുക, പെട്രോളിയം ഉത്പന്ന വിതരണം ജി.എസ്.ടി പരിധിയിൽപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഓട്ടോ - ടാക്‌സികൾ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12വരെയും ഗുഡ്‌സ് വാഹനങ്ങൾ 24 മണിക്കൂറുമാണ് പണിമുടക്കുക.
ഓൺലൈൻ വഴി നടന്ന ഭാരവാഹിയോഗം എച്ച്.എം.എസ് ദേശീയ നിർവാഹകസമിതി അംഗവും യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് മനോജ് ഗോപി അദ്ധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് മോട്ടോർ ആൻഡ് എൻജിനീയറിംഗ് ലേബർ സെന്റർ (എച്ച്.എം.എസ്) സംസ്ഥാന ഭാരവാഹികളായ കെ.കെ. കൃഷ്ണൻ, മലയൻകീഴ് ചന്ദ്രൻനായർ, എ. രാമചന്ദ്രൻ, പി. ദിനേശൻ, അജി ഫ്രാൻസിസ്, ഐ.എ. റപ്പായി, ശശിധരൻ പേരൂർ, എൻ.സി. മോയിൻകുട്ടി, പി.വി. തമ്പാൻ, ഒ.പി. ശങ്കരൻ, ആനി സ്വീറ്റി, അഡ്വ. മാത്യു വേളങ്ങാടൻ, കോയ അമ്പാട്ട്, ജോയി മൂക്കന്നൂർ എന്നിവർ സംസാരിച്ചു.