-high-court-of-kerala-

കൊച്ചി : നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്ത്, സ്‌പ്രിൻക്ളർ കരാർ, ബെവ് ക്യൂ ആപ്പ് തുടങ്ങിയ വിവാദ വിഷയങ്ങൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചേർത്തല സ്വദേശി മൈക്കിൾ വർഗീസ് നൽകിയ ഹർജി ഹൈക്കോടതി സിംഗിൾബെഞ്ച് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിട്ടു. പൊതുതാത്പര്യ സ്വഭാവത്തിലുള്ളതാണ് ഹർജിയെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചാണ് പരിഗണിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ഹർജി അടുത്തദിവസം ഡിവിഷൻ ബെഞ്ചിൽ വന്നേക്കും.

വിവാദ വിഷയങ്ങളിൽ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഒാഫീസിനും ഐ.ടി സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനുമുള്ള പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. കൊവിഡ് ബാധിച്ചവരുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങൾ സ്‌പ്രിൻക്ളർ കമ്പനിക്കു കൈമാറുന്നതിനെതിരെ ഹർജിക്കാരൻ നേരത്തെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ കേസെടുക്കുകയോ അന്വേഷണം നടത്താൻ ഉത്തരവിടുകയോ ചെയ്യാത്തതിനാൽ ഇൗ മേഖലയിലുൾപ്പെടെ അഴിമതി പെരുകിയെന്നും ഇൗ ഘട്ടത്തിൽ ഇടപെട്ടില്ലെങ്കിൽ ഇവയെല്ലാം വെറും രാഷ്ട്രീയ ആരോപണങ്ങളായി മാറുമെന്നും ഹർജിയിൽ പറയുന്നു.