കൊച്ചി: സ്വർണക്കള്ളക്കടത്ത് പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം വിമാനത്താവളത്തിലെ കാർഗോ ഏജന്റ്സ് അസോസിയേഷൻ നേതാവ് ഹരിരാജ് നിഷേധിച്ചു. ഇയാൾക്ക് ബി.എം.എസുമായി ബന്ധമുണ്ടെന്ന പ്രചാരണം സംസ്ഥാന നേതൃത്വവും തള്ളി. യു.എ.ഇയിൽ നിന്നെത്തിയ കാർഗോ വിട്ടുകിട്ടാൻ ഹരിരാജ് ഇടപെട്ടെന്നായിരുന്നു ആരോപണം. പ്രമുഖ നേതാവാണ് ഇയാളെന്നായിരുന്നു പ്രചാരണം. ഹരിരാജിന്റെ വൈപ്പിൻ ദ്വീപിലെ ബന്ധുവീട് കസ്റ്റംസ് പരിശോധിച്ചു.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിൽ പ്രതിഷേധിച്ച് നടത്തിയ സമരങ്ങളിൽ ഹരിരാജും പങ്കെടുത്തിരുന്നു. സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രധാനമന്ത്രിയെ പ്രശംസിച്ച് പോസ്റ്റിട്ടതിനാൽ ബി.എം.എസ് നേതാവെന്ന പ്രചരണവും ചിലർ നടത്തിയിരുന്നു.
ഹരിരാജ് പറയുന്നത്:
കാർഗോ ക്ളിയറൻസ് സ്ഥാപന ഉടമയാണ്. ഞങ്ങളുടെ സംഘടനയുടെ ഭാരവാഹിയുമാണ്. ട്രേഡ് യൂണിയൻ നേതാവല്ല. കാർഗോ വിട്ടുകിട്ടാൻ കസ്റ്റംസുമായി ബന്ധപ്പെട്ടിട്ടില്ല. എനിക്ക് ഒരു രാഷ്ട്രീയപ്പാർട്ടിയുമായും ബന്ധവുമില്ല. തിരുവനന്തപുരത്താണ് സ്ഥിരതാമസം.
തിരുവനന്തപുരത്തെ സ്വർണക്കള്ളക്കടത്തിന് ബി.എം.എസിനോ ബന്ധപ്പെട്ട ഏതെങ്കിലും യൂണിയനോ യാതൊരു ബന്ധവുമില്ല. ബി.എം.എസിന്റെ സൽപ്പേരിനു കളങ്കം വരുത്തുന്ന രീതിയിൽ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.
എം.പി. രാജീവൻ,സംസ്ഥാന
ജനറൽ സെക്രട്ടറി, ബി.എം.എസ്.