malinayam
വെള്ളൂർക്കുന്നം-കീച്ചേരിപ്പടി ബൈപാസ്‌ റോഡിൽ മാലിന്യ നിക്ഷേപിച്ച നിലയിൽ

മൂവാറ്റുപുഴ: നഗരത്തിലെ റോഡിലൂടെ നടക്കണമെങ്കിൽ മൂക്കുപൊത്തി പിടിക്കണം. മാലിന്യ നിക്ഷേപകേന്ദ്രമായി റോഡുസെെഡുകൾ മാറിയതോടെയാണ് മൂക്ക് പൊത്തിപിടിച്ചുറോഡിലൂടെ നടക്കേണ്ട ഗതികേടിലേക്ക് നാട്ടുകാരും ,വഴിയാത്രക്കാരും. മാലിന്യം റോഡുകളിൽ കുമിഞ്ഞ് കൂടുമ്പോഴും ഇവ നീക്കം ചെയ്യാൻ നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്നുംആക്ഷേപമുണ്ട്. വെള്ളൂർക്കുന്നം-കീച്ചേരിപ്പടി ബൈപാസ്‌ റോഡാണ് മാലിന്യ നിക്ഷേപത്തിനായി ഉപയോഗിക്കുന്നത്. എറണാകുളം പെരുമ്പാവൂർ ഭാഗങ്ങളിൽ നിന്നും എത്തുന്നവർക്ക് കോതമംഗലം മൂന്നാർ എന്നിവിടങ്ങളിലേക്ക് ടൗൺ കൂടാതെ പോകുന്നതിനുള്ള ബൈപ്പാസ് റോഡിലാണ് ഈ അവസ്ഥ. കൂടാതെ നഗരത്തിൽ പലയിടങ്ങളിലും റോഡുകളിൽ മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. അടുത്തിടെ നിരപ്പിൽ മാലിന്യം തള്ളിയവരെ നാട്ടുകാർ പിടികൂടി തിരികെ വാരിച്ചിരുന്നു.സമാന സംഭവം ആരക്കുഴയിലുമുണ്ടായിരുന്നു.

#മാലിന്യമ തള്ളൽ രൂക്ഷം

ദിവസേന ഇവിടെ ഇരുട്ടിന്റെ മറവിൽ ലോറികളിൽ ഉൾപ്പെടെ എത്തിക്കുന്ന മാലിന്യം തള്ളുന്നതായാണ് നാട്ടുകാർ പറയുന്നത്. ഇതിന് ആരുടെയൊക്കെയോ രഹസ്യ പിന്തുണയുള്ളതായും ആരോപണം ഉയർന്നിട്ടുണ്ട്. നിരവധി വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ടായിരുന്ന സ്ഥലത്താണ് ഇപ്പോൾ മാലിന്യം കൂമ്പാരമായിരിക്കുന്നത് .

#പരാതിയിൽ നടപടിയില്ല

പൗര സമിതി പരാതി നൽകിയിട്ടും മാലിന്യം നീക്കംചെയ്യുന്നതിനോ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടി വേണ്ട നിയമ നടപടികൾ സ്വീകരിക്കുന്നതിനോ അധികാരികൾ തയ്യാറാകാത്തതിൽ നാട്ടുകാർക്ക് കടുത്ത പ്രതിഷേധമുണ്ട്.