ആലുവ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആലുവ നഗരം പൂർണമായി കണ്ടെയ്ൻമെന്റ് സോണിന്റെ പരിധിയിലായി. നഗരത്തിൽ നേരത്തെ ഒഴിവാക്കിയിരുന്ന എട്ട്, 21 വാർഡുകളെ കൂടിയാണ് കണ്ടെയ്മെന്റ് സോണിന്റെ പരിധിയിലേക്ക് കൊണ്ടുവന്നത്. എന്നാൽ പുളിഞ്ചോട് മേഖല ഉൾപ്പെടുന്ന 23 -ാം വാർഡിനെ ഒഴിവാക്കി.ഇന്നലെ രാവിലെ അൻവർ സാദത്ത് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന പൊലീസിന്റെയും നഗരസഭ അധികൃതരുടെയും യോഗത്തിലാണ് തീരുമാനം. തുടർന്ന് ജില്ലാ കളക്ടറെ വിവരമറിയിച്ചു.
#രണ്ട് വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണിൽ
എട്ടും 21 ഉം വാർഡുകളെ കൂടി കണ്ടെയ്മെന്റ് സോണിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ നഗരത്തിലേക്കുള്ള വാഹനങ്ങളെ നിയന്ത്രിക്കാനാകില്ല. അതിനാലാണ് രണ്ട് വാർഡുകൾ കൂടി കൂട്ടിച്ചേർത്തത്. ഇന്നലെ രാവിലെ നഗരത്തിലെ ഇടറോഡുകളിൽ മാത്രമാണ് പൊലീസ് ഗതാഗതം തടസപ്പെടുത്തിയത്. പ്രധാന റോഡുകളിലൂടെ നഗരത്തിലേക്ക് വാഹനം കടന്നുവന്നതിനാൽ കണ്ടെയ്ൻമെന്റ് സോൺ പൂർണതയിലായില്ല. ഇതേതുടർന്നാണ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്ന് രണ്ട് വാർഡുകൾ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചത്.
#റോഡ് പൂർണമായും അടച്ചു
ആലുവ ബൈപ്പാസ്, ആലുവ - പെരുമ്പാവൂർ റോഡിൽ തോട്ടുമുഖം, ആലുവ - മൂന്നാർ രോഡിൽ അശോകപുരം കൊച്ചിൻ ബാങ്ക് കവല എന്നിവിടങ്ങിൽ പൊലീസ് വഴിയടച്ച് ഗതാഗതം തടഞ്ഞു. ഉച്ചയോടെ നഗരം നിശ്ചലമായി. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് നേരിട്ടാണ് ഗതാഗത നിയന്ത്രണത്തിന് നേതൃത്വം നൽകുന്നത്.
#ബസുകൾക്കും പ്രവേശനമില്ല
നഗരം കണ്ടെയ്ൻമെന്റ് സോൺ ആയതിനെ തുടർന്ന് സ്വകാര്യ - കെ.എസ്.ആർ.ടി.സി ബസുകൾക്കും പ്രവേശനമില്ല. എറണാകുളത്ത് നിന്നും നഗരത്തിലേക്ക് വരുന്ന ബസുകൾ ദേശീയപാതയിൽ പുളിഞ്ചോടിൽ യാത്രക്കാരെ ഇറക്കി മടങ്ങണം. പെരുമ്പാവൂർ ഭാഗത്തേക്ക് പോകേണ്ട ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ദേശീയപാതയിലൂടെ ദേശത്തെത്തി കാലടി റോഡിലൂടെ ചൊവ്വരയിലെത്തി സീപോർട്ട് - എയർപോർട്ടിന്റെ ഭാഗമായ ചൊവ്വര, മഹിളാലയം പാലം വഴി പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ പ്രവേശിക്കണം.
ആലുവയിൽ സർവീസ് അവസാനിപ്പിക്കുന്ന കെ.എസ്.ആർ.ടി.സി ബസുകൾ തോട്ടുമുഖം എടയപ്പുറം കവലയിൽ യാത്രക്കാരെ ഇറക്കി മടങ്ങണം. മൂന്നാർ റോഡിലൂടെ ആലുവയിലേക്ക് വരുന്ന ബസുകൾ അശോകപുരം കൊച്ചിൻ ബാങ്ക് കവലയിൽ സർവീസ് അവസാനിപ്പിച്ച് മടങ്ങണം.
ഇന്നലെ 86 പേർക്ക്കൊവിഡ് ടെസ്റ്റ് നടത്തി
ആലുവയിൽ കൊവിഡ് രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെയും നഗരത്തിൽ 86 പേർക്ക് പി.സി.ആർ ടെസ്റ്റ് നടത്തി. നഗരസഭ കണ്ടിജൻസി ജീവനക്കാർ, സി.എൽ.ആർ തൊഴിലാളികൾ, നജാത്ത് ആശുപത്രിയിലെ രണ്ടു ജീവനക്കാർ എന്നിവർക്കാണ് ടെസ്റ്റു നടത്തിയതെന്ന് അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു.
ആലുവ മാർക്കറ്റിലെ അവശേഷിക്കുന്ന തൊഴിലാളികളുടേയും എടത്തല, കീഴ്മാട് എന്നീ പഞ്ചായത്തുകളിലെ കൊവിഡ് പോസിറ്റായവരുടെ സമ്പർക്ക പട്ടികയിലുള്ളവരുടേയും പി.സി.ആർ ടെസ്റ്റുകൾ ഉടൻ നടത്തണമെന്നും എം.എൽ.എ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ആലുവയിൽ 173 പേർക്ക് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു.