congress-vadakkekara
വടക്കേക്കര ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന ധർണ വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: പിണറായി സർക്കാർ സ്വർണ്ണ കള്ളക്കടത്തുകാർക്കും അഴിമതിക്കാർക്കും കുട പിടിക്കുന്നവരായി മാറിയെന്ന് വി.ഡി. സതീശൻ എം.എൽ.എ.പറഞ്ഞു. സ്വർണ്ണ കള്ളക്കടത്തിലെ മുഖ്യപ്രതിയായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് വടക്കേക്കര മണ്ഡലം കമ്മിറ്റി വടക്കേക്കര ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിന്റെ ഇടനാഴികളിൽ സ്വന്തക്കാർക്കും അധോലോകക്കാർക്കും സ്വൈരവിഹാരത്തിന് എല്ലാ സൗകര്യവും ചെയ്തു കൊടുക്കുകയാണ്. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ഐ.ടി വകുപ്പിൽ പത്താം ക്ലാസ് പോലും പാസാകാത്തവർക്ക് ലക്ഷത്തിലധികം രൂപ ശമ്പളത്തിൽ പിൻവാതിൽ നിയമനം നടത്തുന്നത് യുവജനങ്ങളോടുള്ള വഞ്ചനയാണെന്നും വി.ഡി.സതീശൻ പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനിൽ ഏല്യാസ് അദ്ധ്യക്ഷത വഹിച്ചു. പി.ആർ. സൈജൻ, പി.എസ്. രഞ്ജിത്ത്, സുഗതൻ മാല്യങ്കര, കെ.കെ. ഗിരീഷ് മധുലാൽ, വിജയകുമാരി, കെ.ആർ. ശ്രീരാജ് തുടങ്ങിയവർ സംസാരിച്ചു.