swapna

കൊച്ചി : സ്വർണക്കടത്തു കേസിൽ മുൻകൂർ ജാമ്യംതേടിയുള്ള ഹർജിയിൽ മാദ്ധ്യമ വാർത്തകളെ പഴിചാരിയാണ് സ്വപ്ന വാദമുഖം തുറക്കുന്നത്. തനിക്കെതിരെ മാദ്ധ്യമ വിചാരണയാണ് ഇപ്പോൾ നടക്കുന്നതെന്നും പലതും വ്യാജ വാർത്തകളാണെന്നും സ്വപ്ന ആരോപിക്കുന്നു. സുപ്രീംകോടതിയുടെ വിധികൾക്കു വിരുദ്ധമായി തന്റെ ചിത്രങ്ങൾ മാദ്ധ്യമങ്ങളിലൂടെയും ഒാൺലൈൻ പ്ളാറ്റ്ഫോമുകളിലൂടെയും പ്രചരിപ്പിക്കുന്നുണ്ടെന്നും പറയുന്നു.

മുഖ്യമന്ത്രിയുടെ ഒാഫീസുമായി തനിക്കു ബന്ധമുണ്ടെന്ന പ്രചാരണങ്ങളെയും പ്രതിരോധിക്കുന്നുണ്ട്. ഐ.ടി വകുപ്പിന്റെ സ്പേസ് പാർക്ക് പദ്ധതിക്കുവേണ്ടി സ്വകാര്യ കമ്പനി നിയോഗിച്ച കരാർ ജീവനക്കാരി മാത്രമാണ് ഞാൻ. അറസ്റ്റുചെയ്താൽ, കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണച്ചുമതലയുള്ള കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടാൻ തിരുവനന്തപുരം എയർ കാർഗോ വിഭാഗത്തിലെ അസി. കമ്മിഷണറോട് നിർദേശിക്കണമെന്നും സ്വപ്ന ആവശ്യപ്പടുന്നു.

സർട്ടിഫിക്കറ്റ് വ്യാജമല്ല

2016 ൽ കോൺസുലേറ്റിലെ ജോലി രാജിവച്ചപ്പോൾ അന്നത്തെ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി സേവനത്തെ പ്രകീർത്തിച്ചു സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ഷാർജ ഭരണാധികാരിയും യു.എ.ഇയിലെ മറ്റു രാജകുടുംബാംഗങ്ങളും കേരളം സന്ദർശിച്ചപ്പോൾ വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ മുന്നിൽ നിന്നു. യു.എ.ഇയിൽ നിന്ന് ഉയർന്ന ഉദ്യോഗസ്ഥരും വിനോദ സഞ്ചാരികളും രോഗികളുമൊക്കെ എത്തുമ്പോൾ കോൺസുലേറ്റിന്റെ ഭാഗമായി സഹായങ്ങൾ ചെയ്തുകൊടുത്തിട്ടുണ്ട്. ഇവയൊക്കെ കണക്കിലെടുത്താണ് 50 ജീവനക്കാരുള്ള ഒാഫീസിലെ മികച്ച ജീവനക്കാരിയാണെന്ന് സാക്ഷ്യപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകിയത്.