മൂവാറ്റുപുഴ: മൂവാറ്റുപുഴ വാലി ജല സേചന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 3 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫെറെൻസിലൂടെ നിർവഹിക്കും. മലങ്കര ഡാമിന് സമീപമുള്ള എൻട്രൻസ് പ്ലാസയിൽ വെച്ചായിരിക്കും ചടങ്ങുകൾ നടക്കുന്നത്. ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ മന്ത്രിമാരായ വി. എസ് സുനിൽകുമാർ, എം.എം മണി എന്നിവർ മുഖ്യാഥിതികളായികും.37 മില്യൺ സംഭരണ ശേഷിയുള്ള മലങ്കര എർത്തേൺ കം മേസൺറി ഡാമിൽ നിന്നാണ് പദ്ധതിക്ക് ആവശ്യമായ ജലം ലഭിക്കുന്നത്. കാർഷിക പദ്ധതിക്കും കുടിവെള്ള വിതരണത്തിനും പ്രഥമ പരിഗണന നൽകുന്ന ഈ പദ്ധതി കമ്മീഷൻ ചെയ്യുന്നതോടെ 18173 ഹെക്ടർ സ്ഥലത്തു ജലസേചനം സാധ്യമാവും. പദ്ധതിയുടെ ഹെഡ് വർക്ക് ആയ മലങ്കര ഡാമിന്റെയും മെയിൻ ബ്രാഞ്ച് കനാലുകളുടെയും പണി 100 ശതമാനം പൂർത്തിയാക്കിയിട്ടുണ്ട്. ഉപകനാലുകൾ 95 ശതമാനം പൂർത്തിയാക്കി. തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പിറവം, കടുത്തുരുത്തി, ഏറ്റുമാനൂർ, കോട്ടയം എന്നീ നിയമസഭാ മണ്ഡലത്തിലെ 37 പഞ്ചായത്തുകളിലും അഞ്ച് നഗരസഭകളിലും പദ്ധതിയുടെ പ്രയോജനം ലഭിക്കും. മൂവാറ്റുപുഴയിൽ നടന്ന പത്രസമ്മേളനത്തിൽ ഇറിഗേഷൻ പ്രൊജക്ട്ചീഫ് എൻജിനീയർ അലക്‌സ് വർഗീസ്, സൂപ്രണ്ടിംഗ് എൻജിനീയർ ഇൻ ചാർജ്ജുകാരായ എൻ.സുപ്രഭ, സിനോഷ്.സി.എസ്.എന്നിവർ പങ്കെടുത്തു.