swapna

കൊച്ചി:രാഷ്ട്രീയ പരാമർശം നടത്തിയും ആത്മഹത്യാ ഭീഷണി മുഴക്കിയും സ്വർണക്കടത്തുകേസിൽ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷ് മാദ്ധ്യമങ്ങൾക്ക് അജ്ഞാത കേന്ദ്രത്തിൽ നിന്ന് ഓഡിയോ സന്ദേശമയച്ചു.മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് ശബ്ദരേഖ പുറത്തുവന്നത്.

സ്വർണക്കടത്തിൽ പങ്കില്ലെന്നും ഭയംകൊണ്ടാണ് മാറി നിൽക്കുന്നതെന്നും മുഖ്യമന്ത്രിയുട‌െ വസതിയിൽ പോയിട്ടില്ലെന്നും അവർ പറഞ്ഞു.

 ശബ്ദരേഖയുടെ പൂർണരൂപം.

യു.എ.ഇ കോൺസലേറ്റിന്റെ മറവിൽ സ്വർണക്കടത്ത് നടത്തിയ സ്ത്രീയാണ് താനെന്ന് എല്ലാവരും പറയുന്നു. അങ്ങനെയൊന്നും ചെയ്തിട്ടില്ല. ആ സ്വർണത്തിൽ ഒരു പങ്കുമില്ല. ഡിപ്ലോമാറ്റിക് കാർഗോ വന്നിറങ്ങിയതിന്റെ പിറ്റേന്ന് കാർഗോ ഇതുവരെ ക്ലിയറായില്ലെന്ന് യു.എ.ഇയിലെ ഡിപ്ലോമാറ്റ് വിളിച്ചുപറഞ്ഞു. അതൊന്ന് അന്വേഷിക്കാനും നിർദേശിച്ചു. കസ്‌റ്റംസ് അസി.കമ്മിഷണർ രാമമൂർത്തി സാറിനോട് ചോദിച്ചു. യു.എ.ഇ ഡിപ്ലോമാറ്റ് ആകെ വറീഡാണെന്നും കാർഗോ എത്രയുംപെട്ടെന്ന് ക്ലിയർചെയ്യാനും പറഞ്ഞു. ശരി മാഡമെന്ന് പറഞ്ഞു അദ്ദേഹം ഫോൺവച്ചു. പിന്നീടൊന്നും എനിക്കറിയില്ല. കാർഗോ ഡിപ്പാർട്ട്‌മെന്റുമായി എനിക്ക് ബന്ധമില്ല. കോൺസലേറ്റ് ജനറലിന്റെ അഡ്മിനിസ്‌ട്രേറ്റിവ് ജോലി മാത്രമാണ് ചെയ്തിരുന്നത്. ഇതിന്റെ ഭാഗമായി ഒരുപാട് ഉന്നതരമായി സംസാരിച്ചിട്ടുണ്ട്. കോൺസൽ ജനറൽ പറയുന്ന ജോലിയല്ലാതെ വേറെയൊന്നും ചെയ്തിട്ടില്ല.

ജോലിയില്ലാത്ത അനിയൻ, വിധവയായ അമ്മ, ഇവരെയാരെയും ഒരു സർക്കാർ സർവീസിലും നിയമിച്ചിട്ടില്ല. മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും ഓഫീസിലും വസതിയിലും പോയി ഒരുകരാറിലും പങ്കാളിയായിട്ടില്ല. യു.എ.ഇയിൽ നിന്ന് വരുന്നവർക്ക് സപ്പോർട്ട് നൽകുക, അവർക്കുവേണ്ട കാര്യങ്ങൾ നൽകുക, അവരെ കംഫർട്ടബിൾ ആക്കുക തുടങ്ങിയവ മാത്രമാണ് ചെയ്തിരുന്നത്. യു.എ.ഇ കോൺസൽ ജനറലിന്റെ പിന്നിൽ നിൽക്കുക എന്നതാണ് എന്റെ ജോലി. മുഖ്യമന്ത്രിയുടെ പിന്നിലല്ല ഞാൻനിന്നത്. കഴിഞ്ഞ നാഷണൽഡേ നിങ്ങളെടുത്ത് നോക്കണം. അന്ന് വന്നത് പ്രതിപക്ഷ നേതാവാണ്. അന്ന് വേദി പങ്കിടുകയും ചെയ്തിട്ടുണ്ട്. യു.എ.ഇ കോൺസലേറ്റിൽ നിന്ന് പിരിച്ചുവിട്ടിട്ടില്ല. കൊറോണയുമായി ബന്ധപ്പെട്ട ഇവാക്വേഷനിലടക്കം ഞാൻ സഹായിച്ചിട്ടുണ്ട്. സ്‌പേസ് പാർക്കിൽ ജീവനക്കാരിയായിരുന്നിട്ട് എന്തിന് യു.എ.ഇ കോൺസലേറ്റിൽ കൈയിട്ടുവെന്ന് നിങ്ങൾ ചോദിക്കും. അത് ഞാൻ ജനിച്ചുവളർന്ന യു.എ.ഇയോടുള്ള സ്‌നേഹമാണ്. യു.എ.ഇയെ ചതിക്കില്ല. എന്നെയും എന്റെ കുടുംബത്തെയും ആത്മഹത്യയുടെവക്കിൽ കൊണ്ടുനിറുത്തി. ഇതിലുണ്ടാകുന്ന ദ്രോഹം എനിക്കും എന്റെ കുടുംബത്തിനും മാത്രമാണ്. മുഖ്യമന്ത്രിയേയോ മറ്റ് മന്ത്രിമാരെയോ ബാധിക്കില്ല. ഭയംകൊണ്ടും എന്റെ കുടുംബത്തിനുള്ള ഭീഷണി കാരണവുമാണ് ഞാൻ മാറിനിൽക്കുന്നത്. ഞാനെന്ന സ്ത‌്രീയെ മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ എന്നിവരെയൊക്കെ ചേർത്ത് പറയുന്നത് ഇനി വരാൻ പോകുന്ന ഇലക്ഷനിൽ സ്വാധീനിക്കാനാണ്.

ഡിപ്ലോമാറ്റിക് കാർഗോ ദുബായിൽ നിന്ന് ആര് അയച്ചോ അവരുടെ പിന്നാലെ നിങ്ങൾ പോകണം. പാവപ്പെട്ടവരുടെ തലയിൽ അടിച്ചമർത്തി തിരഞ്ഞെടുപ്പിൽ സ്വാധീനിക്കാൻ നോക്കാതെ യഥാർത്ഥ നടപടി നിങ്ങളെടുക്കണം. എന്റെ കാര്യവും അന്വേഷിക്കൂ. ഞാൻ ഏതൊക്കെ കരാറിൽ പങ്കെടുത്തിട്ടുണ്ടെന്ന് അന്വേഷിച്ചോളൂ. മീഡിയ എല്ലാ കുടുംബത്തെയും നശിപ്പിക്കും. ഇതുപോലെ ഒരുപാട് സ്വപ്‌നകൾ നശിക്കും. എന്റെ മോൾ എസ്.എഫ്‌.ഐയാണെന്നാണ് മറ്റൊരു വാദം. എന്റെ മോളെ നിങ്ങൾ കണ്ടിട്ടുണ്ടോ?. അവൾ സോഷ്യൽ വർക്കറോ, ആക്ടിവിസ്റ്റോ എന്നൊക്കെ വിളിച്ചു പറയുന്നു. മക്കളെ നല്ല നിലയിലാണ് വളർത്തുന്നത്. എനിക്ക് സ്‌പേസ് പാർക്കിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ ശമ്പളം യു.എ.ഇ കോൺസലേറ്റിൽ നിന്ന് കിട്ടുമായിരുന്നു. മുഖ്യന്മാരുടെ കൂടെ ഏത് നൈറ്റ് ക്ലബിലാണ് ഞാൻ പോയതെന്ന് നിങ്ങൾ പറയണം. അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല. ഇവിടുത്തെ വിഷയം ഡിപ്ലോമാറ്റിക് കാർഗോയിൽ വന്ന സ്വർണമാണ്. അത് കണ്ടുപിടിക്കൂ. അപ്പോൾ നിങ്ങൾക്ക് അച്ഛനെയും അമ്മയെയും രണ്ട് മക്കളെയും രക്ഷപ്പെടുത്താം. നിങ്ങൾക്ക് ഇപ്പോൾ ഭരിക്കുന്ന മന്ത്രിസഭയെ ഒന്നുംചെയ്യാൻ സാധിക്കില്ല. അവരാരും എന്റെ പിന്നിലില്ല. ഞങ്ങളെ ആത്മഹത്യ ചെയ്യാൻ വിട്ടുകൊടുക്കരുത്. കൊല്ലരുത് ഇങ്ങനെ.