തൃക്കാക്കര : സമ്പർക്ക ഭീതി നിലനില്ക്കുന്ന ആലുവ,​ചെല്ലാനം, ​മുളവുകാട് മേഖലകളിൽ നിന്നും ഇന്ന് 200 സാമ്പിളുകൾ ശേഖരിക്കും. പ്രത്യേകം രൂപീകരിച്ച മെഡിക്കൽ ടീമിന്റെ നേതൃത്വത്തിലാണ് സമ്പിൾ ശേഖരിക്കുന്നത്. ചെല്ലാനത്ത് കുടുംബശ്രീ, ആശ പ്രവർത്തകരുടെ സഹായത്തോടെ ഓരോ വീടുകളിലും നേരിട്ടെത്തി രോഗ ലക്ഷണമുള്ള എല്ലാവരെയും പരിശോധിക്കാനാണ് തീരുമാനം.ആലുവ മേഖലയിൽ നിന്നും അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിൽ എത്തിക്കുന്നതിനായി പോയ എല്ലാ ടൂറിസ്റ്റ് ബസുകളിലെയും ജീവനക്കാരെ പൊലീസിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് കണ്ടെത്തി. ഇവരിൽ രോഗ ലക്ഷണമുള്ളവരിൽ പരിശോധന നടത്തും.കണ്ടെയ്മെന്റ് സോണുകളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളുടെ പ്രവർത്തന സമയം രാവിലെ എട്ടു മുതൽ ഒന്ന് വരെ ക്രമപ്പെടുത്തി. സൂപ്പർ മാർക്കറ്റുകളിൽ ഹോം ഡെലിവറി അനുവദിക്കുന്നത് സംബന്ധിച്ച് വ്യാപാരികളുമായി ചർച്ച ചെയ്യും. ഫോർട്ട്‌ കൊച്ചി, കാളമുക്ക്, മത്സ്യ മാർക്കറ്റുകൾ മുൻകരുതലിന്റെ ഭാഗമായി അടച്ചു.