കൊച്ചി: പ്രധാന മാർക്കറ്റുകൾക്ക് പൂട്ട് വീണതോടെ പച്ചക്കറി വില കുതിച്ചുയർന്നു. മത്സ്യബന്ധന ഹാർബറുകൾക്ക് അടച്ചതോടെ തീൻമേശയിൽ നിന്ന് മീനും അപ്രത്യക്ഷമായി. എറണാകുളം മാർക്കറ്റും ബ്രോഡ്‌വേയും അടച്ചിടുന്നത് ഒരാഴ്ച കൂടി നീട്ടി. ആലുവ,​ കടവന്ത്ര മാർക്കറ്റുകളും അടച്ചു. മരട് പച്ചക്കറി മാർക്കറ്റ് മാത്രമാണ് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്നത്. ചെല്ലാനം,​ മുനമ്പം ഹാർബറുകൾ കണ്ടെയ്മെന്റ് സോണുകളാണ്. ഇന്നലെ മുതൽ കാളമുക്ക് ഹാർബർ അടച്ചിടാനും ഉത്തരവായി. മാർക്കറ്റുകൾ പൂർണമായി അടച്ചിടുന്നതിനെതിരെ വ്യാപാരികൾ രംഗത്തെത്തി.

 പച്ചക്കറിക്ക് വില കൂടി

മരട് പച്ചക്കറി മാർക്കറ്റ് കേന്ദ്രീകരിച്ചാണ് ഇപ്പോൾ വിപണനം. ഹോട്ടലുകളിലേക്കും കാന്റീനുകളിലേക്കും സാധനങ്ങൾ എത്തിക്കുന്ന കരാറുകാർ അവിടങ്ങളിലേക്കുള്ള സാധനങ്ങൾ മാത്രമേ എടുക്കുന്നുള്ളൂ. നഗരത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ചില്ലറ വ്യാപാരികൾക്ക് മരടിലെത്തി സാധനങ്ങളെടുക്കാൻ ബുദ്ധിമുട്ടാണ്. യാത്രാച്ചെലവ് 200ൽ നിന്ന് 600 ആയി വർദ്ധിച്ചത് പച്ചക്കറികളുടെ വിലയേയും ബാധിച്ചു. തക്കാളി,​ ഇഞ്ചി,​ പച്ചമുളക് തുടങ്ങിയ പച്ചക്കറികൾക്ക് കിലോയ്ക്ക് 5 രൂപ മുതൽ 15 രൂപ വരെയാണ് കൂടിയത്. മറ്റ് പച്ചക്കറികൾക്ക് 3 രൂപ മുതൽ 10 രൂപ വരെയും വർദ്ധിച്ചിട്ടുണ്ട്. പച്ചക്കറി മൊത്ത കച്ചവടക്കാർ നഗരത്തിന്റെ ഒഴിഞ്ഞ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പച്ചക്കറികൾ എത്തിക്കാൻ ശ്രമിച്ചെങ്കിലും റെസിഡന്റ്സ് അസോസിയേഷനുകളുടെ എതിർപ്പിനെ തുടർന്ന് പിൻവാങ്ങി. സമൂഹവ്യാപനം ഭീകരമായ തമിഴ്നാട്ടിൽ നിന്ന് പച്ചക്കറികൾ തമിഴ്നാട്ടുകാരായ ഡ്രൈവർമാർ എത്തിക്കുന്നതാണ് അസോസിയേഷനുകളുടെ എതിർപ്പിന് ഇടയാക്കുന്നത്.

 മീൻ മുട്ടും

മീനില്ലാതെ ഊണിറങ്ങാത്ത കൊച്ചിക്കാർക്ക് സങ്കടത്തിന്റെ ദിനങ്ങളാണ് മുന്നിലുള്ളത്. ചെല്ലാനം ഹാർബർ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടന്നിട്ട് ഒരാഴ്ചയിലേറെയായി. കാളമുക്കിലെ പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികളും തൊട്ടടുത്ത ആലപ്പുഴ മാരാരിക്കുളത്തെ മത്സ്യബന്ധന തൊഴിലാളികളുമാണ് കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലും മറ്റും മീൻ എത്തിച്ചിരുന്നത്. ഇന്ന് മുതൽ ഇവിടങ്ങളിലും മത്സ്യവില്പന നടക്കില്ല. ഇതോടെ മീൻ വരവ് പൂർണമായും നിലയ്ക്കാനാണ് സാദ്ധ്യത.

"ജൂലായ് ഒന്നിനാണ് മുന്നറിയിപ്പില്ലാതെ ബ്രോഡ്‌വേയും മാർക്കറ്റും ഒരാഴ്ചത്തേക്ക് അടച്ചത്. ജൂലായ് 8ന് വീണ്ടും ഒരാഴ്ചത്തേക്ക് നീട്ടി. മാർക്കറ്റിലെയും ബ്രോഡ്‌വേയിലെയും കടകളിൽ വിറ്റഴിക്കാനാകാതെ നിരവധി വസ്തുക്കൾ കെട്ടിക്കിടന്ന് നശിക്കുകയാണ്. പൂർണമായി അടച്ചിടുന്നതിന് പകരം സമയക്രമം നിശ്ചയിച്ച് പ്രവർത്തനം പുനരാരംഭിക്കണം."

എൻ.എച്ച് ഷമീദ്

എറണാകുളം മാർക്കറ്റ് സ്റ്റാൾ ഓണേഴ്സ് അസോസിയേഷൻ