പറവൂർ : കൊവിഡ് സമ്പർക്ക ഭീതിയുടെ പശ്ചാത്തലത്തിൽ പറവൂർ നഗരം അടച്ചിടാൻ തീരുമാനിച്ചു. നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തര മോണിറ്ററിംഗ് കമ്മിറ്റിയിലാണ് തിരുമാനം. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചയാൾ നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. ഇതേതുടർന്നാണ് കടുത്ത നടപടി നഗരസഭ സ്വീകരിച്ചത്. ഞായറാഴ്ച എല്ലാ സ്ഥാപനങ്ങളും ഓഫീസുകളും അണുവിമുക്തമാക്കണം. പൊതുസ്ഥലങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കും. പൊതു മാർക്കറ്റുകളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ഇന്ന് വ്യാപാരികളുടെ യോഗം ചേരും. യോഗത്തിൽ കൂടുതൽ തീരുമാനം കൈക്കൊള്ളും. നഗരസഭയിലെ എല്ലാ വാർഡുകളിലും സോഷ്യൽ ഡിസ്റ്റൻസിംഗ് എൻഫോഴ്സിംഗ് ടീം രൂപീകരിച്ചിട്ടുണ്ട്. ഇവരുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽക്കാൻ ഓരോ വാർഡിലും ഓരോ നഗരസഭ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

താലൂക്ക് ആശുപത്രിയിൽ നിയന്ത്രണം

രോഗം സ്ഥിതീകരിച്ച പള്ളിപ്പുറം സ്വദേശിയായ വീട്ടമ്മ പറവൂർ താലൂക്ക് പരിശോധനയ്ക്കായി എത്തിയതിനാൽ ഇവിടെ നിയന്ത്രണം ഏർപ്പെടുത്തി. അറുപത്തിയഞ്ച് വയസ് കഴിഞ്ഞവർക്കും കുട്ടികൾക്കും ആശുപത്രിയിൽ അടിയന്തര ഘട്ടത്തിൽ മാത്രം സന്ദർശനം അനുവദിക്കൂ. ഫോണിൽ വിളിച്ച ശേഷം നിർദേശിക്കുന്ന മരുന്നുകൾ ചുമതലപ്പെടുത്തുന്നവർക്ക് താലൂക്ക് ആശുപത്രിയിൽ നിന്നും നൽകും. പഞ്ചായത്ത് പ്രദേശത്തുള്ളവർ അതാത് ഹെൽത്ത് സെന്ററുകളിൽ മരുന്നു ലഭിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.