പറവൂർ: ബൈക്കിൽ കറങ്ങിനടന്നു മാല മോഷ്ടിക്കുന്ന ചേരാനെല്ലൂർ അമ്പലക്കടവിൽ പുതുവൽസലം വീട്ടിൽ ഉമേഷ് (38)നെ പൊലീസ് അറസ്റ്റ് ചെയ്തു. പറവൂർ, വരാപ്പുഴ, ചേരാനല്ലൂർ, ബിനാനിപുരം സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. കാളികുളങ്ങരയിലെ വൃദ്ധയുടെ മാല പൊട്ടിച്ച കേസിൽ നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. ബൈക്കിന്റ നമ്പർ പ്ലേറ്റ് മറച്ചുവച്ചായിരുന്നു ഇയാളുടെ യാത്ര. മിക്കപ്പോഴും രാവിലെയാണ് ഇയാൾ കവർച്ചയ്ക്കായി ഇറങ്ങിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്.ഐ അരുൺ ദേവ്, ഉദ്യോഗസ്ഥരായ കെ. റെജി, പ്രദീപ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.