ആലുവ: സ്വർണ്ണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്നു ഒഴിഞ്ഞ് മാറാനാകില്ലെന്നും അല്പപമെങ്കിലും ധാർമികതയുണ്ടെങ്കിൽ സ്വയം രാജിവെച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു.
വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ കള്ളക്കടത്തിനെപ്പറ്റി സമഗ്രമായ അന്വഷണം നടത്തണമെന്നും നാഷണലിസ്റ്റ് കേരള കോൺഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലം ആസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പാർട്ടി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചതായി ജനറൽ സെക്രട്ടറി എം.എൻ. ഗിരി അറിയിച്ചു.
സംസ്ഥാന തല ഉദ്ഘാടനം ആലുവയിൽ ചെയർമാൻ കുരുവിള മാത്യൂസ് നിർവഹിച്ചു. ഭാരവാഹികളായ എൻ.എൻ. ഗിരി, പി.എ. റഹിം, പി.എൻ. ഗോപിനാഥൻ നായർ, ഉഷ ജയകുമാർ, ഷക്കീല മറ്റപ്പള്ളി, പി.എസ്.സി. നായർ, കെ.ജെ. ടോമി, എം.ജെ. മാത്യു എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സമരത്തിന് നേതൃത്വം നൽകി.