കൊച്ചി : മുൻസിഫ് - മജിസ്ട്രേട്ട് നിയമനത്തിന് ഫെബ്രുവരി 20 ന് പ്രസിദ്ധീകരിച്ച മെറിറ്റ് ലിസ്റ്റിൽ നിന്ന് കൂടുതൽ നിയമനം നടത്താൻ ഗവർണറുടെ അനുമതി തേടാൻ ഹൈക്കോടതി ഭരണവിഭാഗത്തിന് ഹൈക്കോടതി നിർദേശം നൽകി. ആറ് ആഴ്ചയ്‌ക്കുള്ളിൽ നടപടിയെടുക്കണമെന്നും സിംഗിൾബെഞ്ചിന്റെ വിധിയിൽ പറയുന്നു.
മെറിറ്റ് ലിസ്റ്റിൽനിന്ന് 32 പേർക്ക് നിയമനം നൽകി. ഇവരുടെ പരിശീലനം തുടങ്ങിയിരുന്നു. പ്രൊമോഷനെത്തുടർന്ന് കൂടുതൽ ഒഴിവുകളുണ്ടെന്നും ചട്ടപ്രകാരം ഇതേലിസ്റ്റിൽനിന്ന് ഒഴിവുകൾ നികത്തണമെന്നും ആവശ്യപ്പെട്ട് കോട്ടയം സ്വദേശി ശ്വേത ശശികുമാർ ഉൾപ്പെടെയുള്ള ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
2019 ഫെബ്രുവരിയിലെ വിജ്ഞാപനപ്രകാരമുള്ള നിയമന നടപടികളിലൂടെ 2019 ഡിസംബർ 31 നുശേഷമുള്ള ഒഴിവുകൾ നികത്തുന്നത് സുപ്രീംകോടതി നിശ്ചയിച്ച നടപടിക്രമത്തിനു വിരുദ്ധമാണെന്നും ഇൗ ഒഴിവുകൾ 2020 ലെ പുതിയ നിയമനനടപടികളിലൂടെ നികത്തേണ്ടതാണെന്നും ഹൈക്കോടതി ഭരണവിഭാഗം വാദിച്ചു. എന്നാൽ സ്പെഷ്യൽ ചട്ടങ്ങളിൽ വരുത്തിയ ഭേദഗതിയനുസരിച്ച് നിയമനങ്ങൾ നടത്താമെന്നും സുപ്രീംകോടതിയിൽ വിശദീകരണം നൽകി ഇതിനു അനുമതി തേടാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് അഡിഷണൽ ലിസ്റ്റ് തയ്യാറാക്കി ഗവർണറുടെ അനുമതിതേടാൻ നിർദേശിച്ചത്.