കൊച്ചി: സ്വർണക്കടത്ത് പെരുകുമ്പോഴും സംസ്ഥാന ജി.എസ്.ടി വകുപ്പ് നോക്കുകുത്തിയായി തുടരുകയാണെന്ന് വി.ഡി. സതീശൻ എം.എൽ.എ ആരോപിച്ചു. സ്വർണവില്പനയിലെ നികുതിവെട്ടിപ്പിലും പരിശോധനകൾ നടത്തുന്നില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിലെ സ്വർണവിപണി നിയന്ത്രിക്കുന്ന സംഘത്തിന് ഉദ്യോഗസ്ഥരുടെയും ഭരണകൂടത്തിന്റെയും പിന്തുണ ലഭിക്കുന്നുണ്ട്. നിയമസഭയിൽ തെളിവുകൾ സഹിതം താൻ ഇക്കാര്യം അവതരിപ്പിച്ചിരുന്നു. നടപടികൾ സ്വീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞെങ്കിലും യാതൊന്നും ചെയ്തില്ല.

റവന്യൂ ഇന്റലിജൻസ്, കസ്റ്റംസ്, എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ കേന്ദ്ര ഏജൻസികളുമായി ഏകോപിച്ച് സ്വർണക്കടത്ത് നേരിടാൻ നിയമമുണ്ട്. ഇതിനാവശ്യമായ വിവരങ്ങൾ ലഭിക്കാനും സംവിധാനമുണ്ട്. ആഭരണ നിർമ്മാണകേന്ദ്രങ്ങളിലുൾപ്പെടെ പരിശോധന നടത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.