കൊച്ചി : നയതന്ത്രചാനൽവഴി സ്വർണം കടത്തിയ കേസിൽ അറസ്റ്റിലായ പി.എസ്. സരിത്തിനെ ജൂലായ് 15 വരെ ചോദ്യംചെയ്യാൻ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു. ഇയാളെ കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനും കസ്റ്റംസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണച്ചുമതലയുള്ള കോടതി ഏഴു ദിവസം കസ്റ്റഡിയിൽ വിട്ടത്.
സരിത്തിന് കൊവിഡ് ബാധയില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കസ്റ്റഡി അപേക്ഷ നൽകിയത്. നിർണായക വിവരങ്ങൾ സരിത്ത് നശിപ്പിച്ചെന്നും ഇവ ഫോറൻസിക് വിദഗ്ദ്ധരുടെ സഹായത്തോടെ കണ്ടെത്തേണ്ടതുണ്ടെന്നും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി. കൂടുതൽ ചോദ്യം ചെയ്ത് ഒളിവിൽ കഴിയുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി.