കൊച്ചി: നയതന്ത്ര ചാനലിലൂടെ കടത്തുന്ന സ്വർണം ഇടപാടുകാർക്ക് എത്തിച്ചിരുന്നത് സന്ദീപ് നായരെന്ന് അറസ്‌റ്റിലായ സരിത്ത് കസ്‌റ്റംസിന് മൊഴിനൽകി. സ്വർണമടങ്ങിയ ബാഗേജ് സ്ഥിരമായി വിമാനത്താവളത്തിൽ നിന്ന് കൈപ്പറ്റുന്നത് സരിത്തായിരുന്നു. സ്വർണം സന്ദീപിന് കൈമാറുന്നതോടെ തന്റെ ദൗത്യം അവസാനിക്കുമെന്നും യു.എ.ഇ കോൺസലേറ്റ് മുൻ പി.ആർ.ഒ സരിത്ത് മൊഴിനൽകി. സന്ദീപ് ആർക്കൊക്കെ സ്വർണം കൈമാറിയെന്ന് അറിയില്ലെന്ന മൊഴി കസ്റ്റംസ് വിശ്വാസ്യത്തിലെടുത്തിട്ടില്ല.
2014 ൽ തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള സ്വർണക്കടത്തിൽ സന്ദീപ് അറസ്റ്റിലായിരുന്നു. സ്വപ്‌നയും സന്ദീപും തമ്മിലായിരുന്നു ആദ്യസൗഹൃദം. ഈ സംഘത്തിലേക്ക് സരിത്തിനെ ഉൾപ്പെടുത്തിയത് സന്ദീപാണ്. മൂവരും തമ്മിൽ സ്വർണക്കടത്ത് ഇടപാടുകളും രഹസ്യ സാമ്പത്തിക ഇടപാടുകളുമുണ്ടെന്ന സന്ദീപിന്റെ ഭാര്യ സൗമ്യയുടെ മൊഴി കേസിൽ നിർണായകമാകും.
അതേസമയം സരിത് മൊബൈലിൽനിന്ന് നീക്കംചെയ്ത കാൾ വിശദാംശങ്ങൾ കസ്‌റ്റംസ് ഫോറൻസിക് സഹായത്തോടെ വീണ്ടെടുത്തു. ഇതോടെ ബാഗേജ് തടഞ്ഞുവച്ചപ്പോൾ സരിത് ബന്ധപ്പെട്ട മുഴുവൻ പേരുടെയും വിവരങ്ങൾ കസ്‌റ്റംസിന് ലഭിച്ചു. ഇതിൽ കസ്‌റ്റംസ് ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ നേതാക്കളുമുണ്ട്. ഇവരെയെല്ലാം അടുത്തദിവസം ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. കസ്‌റ്റഡിയിലാകുന്നതിന് തൊട്ടുമുമ്പ് സരിത്ത് വാട്സ് ആപ്പ് സന്ദേശങ്ങളും ഡിലീറ്റ് ചെയ്‌തിരുന്നു. ഇതും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കസ്റ്റംസ്.
കള്ളം പറയുന്നത് ആര് ?
മുൻകൂർ ജാമ്യാപേക്ഷയിൽ സ്വപ്‌ന പറയുന്ന കാര്യങ്ങളും ആദ്യഘട്ടത്തിൽ യു.എ.ഇ കോൺസലേറ്റ് പ്രതിനിധി റാഷിദ് ഖാമിസ് അൽ ഷിമേനി നൽകിയ മൊഴിയും പരസ്പരവിരുദ്ധമാണ്. റാഷിദ് പറഞ്ഞതനുസരിച്ചാണ് ബാഗേജ് വിട്ടുനൽകാൻ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറെ ബന്ധപ്പെട്ടതെന്ന് സ്വപ്ന പറയുന്നു. എന്നാൽ, ഇത്തരത്തിൽ എന്തെങ്കിലും സേവനം സ്വപ്നയിൽ നിന്ന് തേടിയതായി റാഷിദിന്റെ മൊഴിയിൽ പറയുന്നില്ല. ബാഗേജ് വൈകുന്നതിൽ പരാതിപ്പെട്ടതിനെക്കുറിച്ചും പരാമർശമില്ല. ഇതോടെ റാഷിദിനെ ചോദ്യം ചെയ്യാനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനാണ് കസ്റ്റംസ് തീരുമാനം.