മൂവാറ്റുപുഴ: യാത്രക്കിടെ കാറ് മറിഞ്ഞ് അപകടത്തിൽപെട്ട തമിഴ് തൊഴിലാളികളെ അക്രമിച്ച കേസിൽ 3 പേരെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. മാറാടി കാട്ടുശേരിൽ ജിത്തു (29) ,മൂവാറ്റുപുഴ കോളേജ് ജംഗ്ഷൻ പയ്യനയിൽ നിധിൻ (26), മാറാടി താണി കുന്നേൽ കൃഷ്ണനുണ്ണി (24) എന്നിവരെയാണ് എസ്.ഐ. ടി.എം.സൂഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത് .

ഇന്നലെ പുലർച്ചെ എം.സി.റോഡിൽ ഉന്നക്കുപ്പവളവിൽ വച്ചാണ് സംഭവം. മൂവാറ്റുപുഴ കായനാടുള്ള സ്ഥാപത്തിലേക്ക് പോകുകയായിരുന്ന നാല് തമിഴ്നാട് തൊഴിലാളികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് ഉന്നക്കുപ്പയിൽ നിയന്ത്രണം വിട്ടു മറിഞ്ഞത്. കാറ് മറിഞ്ഞ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ എത്തിയ മൂന്നഗമദ്യപാനസംഘം തമിഴ്നാട്ടിൽ നിന്നും വരാൻ പാസുണ്ടൊ എന്ന് ചോദിച്ച് മർദ്ദിക്കുകയായിരുന്നു.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഇവരുടെ മുന്നിൽ വച്ചും സംഘം തൊഴിലാളികളെ മർദിച്ചു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.