കോലഞ്ചേരി: ഓൺലൈൻ ക്ളാസിനായി സ്കൂളിലെത്തണമെന്ന നിർദ്ദേശം നവോദയ സ്കൂൾ അദ്ധ്യപകരെ ആശങ്കയിലാക്കി.
മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യാപകർ വീട്ടിലിരുന്ന ജോലി ചെയ്യുമ്പോഴാണിത്.
നവോദയ വിദ്യാലയ സമിതിയുടെ പിടിവാശിയാണ് പിന്നിലെന്നാണ് പരാതി.
നവോദയയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുമാണ് അദ്ധ്യാപകർ സ്‌കൂളിൽ വരേണ്ടത്. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അദ്ധ്യാപകർക്കിത് ബുദ്ധിമുട്ടുണ്ടാക്കും. പല ജില്ലകൾ താണ്ടി യാത്ര ചെയ്ത് എത്തേണ്ട അദ്ധ്യാപകർ പല ഹോട്ട് സ്‌പോട്ട് സോണുകളിൽ നിന്ന് വരുന്നവരാണ്.
വിദ്യാർത്ഥികൾ സ്‌കൂളിൽ എത്തിച്ചേരാനുള്ള സാഹചര്യം നിലവിൽ ഇല്ലാതിരിക്കെ ക്ലാസെടുക്കാൻ വേണ്ടി അദ്ധ്യാപകർ സ്‌കൂളിൽ എത്തണമെന്നുള്ള നവോദയ വിദ്യാലയ സമിതിയുടെ ഉത്തരവിനെതിരെ പ്രതിഷേധം ഉയരുകയാണ്. മറ്റ് സ്‌കൂളുകളിലെ അദ്ധ്യാപകർ ചെയ്യുന്നതു പോലെ വീടുകളിലിരുന്ന് ക്ലാസ് എടുക്കാമെന്നിരിക്കെ അനാവശ്യ ഒത്തുകൂടലിന്റെ ആശങ്കയിലാണ് നവോദയ അദ്ധ്യാപകർ.
ഡൽഹിയിൽ കമ്മീഷർക്ക് പരാതി നൽകി
കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഒഫ് ഹ്യൂമൻ റിസോഴ്‌സ് ഡവലപ്‌മെന്റ് നിഷ്‌കർഷിച്ചിട്ടുള്ള വർക്ക് അറ്റ് ഹോം പദ്ധതി കേന്ദ്രീയ വിദ്യാലയങ്ങളും, സൈനിക സ്‌കൂളുകളും നടപ്പിലാക്കുമ്പോൾ നവോദയ വിദ്യാലയ സമിതിയുടെ പിടിവാശി അനാവശ്യമെന്ന് അദ്ധ്യാപകർ ചൂണ്ടി കാട്ടുന്നു.
ഈയിടെ കർണാടകയിലുള്ള കുടക് നവോദയ വിദ്യാലയത്തിലെ അഞ്ച് അദ്ധ്യാപകർ കൊവിഡ് പോസിറ്റീവായ സാഹചര്യത്തിൽ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് നവോദയ അദ്ധ്യാപകരുടെ ആവശ്യം. നവോദയ സ്റ്റാഫ് അസോസിയേഷൻ ഡൽഹിയിൽ കമ്മീഷർക്ക് പരാതിയും നൽകി.
• രാജ്യത്ത് 650 ഓളം ജവഹർ നവോദയ നവോദയസ്കൂളുകൾ
• സംസ്ഥാനത്ത് പതിനഞ്ച് സ്‌കൂളുകൾ. 350 ന് മേൽ അദ്ധ്യാപകർ