മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗത്തെ രണ്ടരപ്പതിറ്റാണ്ടായി ധീരതയോടെ നയിച്ച് സമുദായ നന്മയ്ക്കായി പ്രവർത്തിക്കുന്ന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മൂവാറ്റുപുഴ യൂണിയന്റെ പരിപൂർണ പിന്തുണ.
ജനറൽ സെക്രട്ടറിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ അവതരിപ്പിച്ചു. യോഗം ഐകകണ്ഠ്യേന പാസാക്കി. സമാനതകളില്ലാത്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജനറൽ സെക്രട്ടറിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നവർ സമുദായ ശത്രുക്കളാണെന്നും ഇവരെ തിരിച്ചറിയണമെന്നും യോഗം സമുദായ അംഗങ്ങളോട് അഭ്യർത്ഥിച്ചു. യോഗത്തിന്റെ വളർച്ചയിലും സംഘശക്തിയിലും വിറളിപൂണ്ടവർ സമുദായ നേതൃത്വത്തിനെതിരെ നെറികെട്ട പ്രചാരവേല നടത്തി യോഗ നേതൃത്വത്തേയും സമുദായത്തെയും തകർക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുവാൻ സമുദായാംഗങ്ങൾ രംഘത്തിറങ്ങുവാനും യോഗം അഭ്യർത്ഥിച്ചു.
യൂണിയൻ ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇൻ ചാർജ് അഡ്വ. എ.കെ. അനിൽകുമാർ സ്വാഗതം പറഞ്ഞു. യൂണിയൻ വെെസ് പ്രസിഡന്റ് പി.എൻ. പ്രഭ, യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ പ്രമോദ് കെ.തമ്പാൻ, അഡ്വ. എൻ .രമേശ്, യൂണിയൻ കൗൺസിലർമാരായ എം.ആർ. നാരായണൻ, പി.വി. മോഹനൻ, പി.ആർ.രാജു, കെ.പി. അനിൽ, അജി വേണാൽ എന്നിവർ പ്രസംഗിച്ചു. യൂണിയൻ പഞ്ചായത്ത് സമിതി അംഗങ്ങൾ, വനിതാസംഘം ഭാരവാഹികൾ, യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ എന്നിവരും പങ്കെടുത്തു.