ആലുവ: വീട്ടിൽ കുഴഞ്ഞുവീഴുകയും ആശുപത്രിയിലേക്കുള്ള മാർഗമദ്ധ്യേ മരിക്കുകയും ചെയ്ത വൃദ്ധയുടെ മൃതദേഹം ശ്മശാനത്തിൽ സംസ്കരിക്കാനുള്ള നീക്കം പൊലീസ് തടഞ്ഞു. പോസ്റ്റുമോർട്ടം നടത്താതിരുന്നതോടെയാണ് പൊലീസ് മൃതദേഹം തിരികെയെടുപ്പിച്ചത്.
മുട്ടത്ത് വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി സരസ്വതി (55) ചൊവ്വാഴ്ച്ച രാത്രിയാണ് കുഴഞ്ഞുവീണത്. ഉടനെ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമദ്ധ്യേ മരിച്ചു. കൊവിഡ് ടെസ്റ്റിന്റെ പരിശോധനാഫലം ഇന്നലെ ഉച്ചയോടെയാണ് ലഭിച്ചത്. തുടർന്ന് പൊലീസിനെ അറിയിക്കാതെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്‌കാരത്തിനായി കളമശേരി നഗരസഭ ശ്മശാനത്തിൽ എത്തിച്ചപ്പോഴാണ് പോസ്റ്റുമോർട്ടം വേണമെന്ന ആവശ്യവുമായി ആലുവ പൊലീസെത്തിയത്. പത്തുമിനിറ്റുകൂടി വൈകിയിരുന്നെങ്കിൽ സംസ്‌കാരം നടക്കുമായിരുന്നു. സരസ്വതി വർഷങ്ങളായി കളമശേരി പള്ളിലാംകരയിലായിരുന്നു താമസം. കുറച്ചുനാളായി വീട്ടുകാരുമായി വഴക്കിട്ട് ആലുവ മുട്ടത്താണ് കഴിഞ്ഞിരുന്നത്. പോസ്റ്റുമോർട്ടം നടത്തണമെന്ന് പൊലീസ് ആവശ്യപ്പെടാതിരുന്നതുകൊണ്ടാണ് മൃതദേഹം വിട്ടുനൽകിയതെന്ന് ആശുപത്രി അധികൃതർ പറയുന്നു.