ആലുവ: മൃതദേഹത്തിന്റെ ചിത്രമെടുക്കാനെത്തിയ ഫോട്ടോഗ്രഫറുടെ കാമറക്കണ്ണുകളിൽ ജീവന്റെ തുടിപ്പ് ദൃശ്യമായി. മൃതദേഹത്തിന്റെ പലവിധത്തിലുള്ള കിടപ്പ് കാമറയിലേക്ക് ഒപ്പുന്നതിനിടയിലാണ് ആ ചലനം കാണാനായത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എടത്തല പഞ്ചായത്തിലെ മണലിമുക്കിലാണ് സംഭവം. ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന പാലക്കാട് സ്വദേശിയായ ശിവനാണ് (52) കഥാനായകൻ.
മദ്യലഹരിയിൽ ഉടുമുണ്ടഴിഞ്ഞ് അബോധാവസ്ഥയിൽ കിടന്ന ഇയാൾ മരിച്ചെന്ന് ഉറപ്പിച്ച് വാടകവീടിന്റെ ഉടമ എടത്തല പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വീടുതുറക്കാതെ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉടമ സംശയം തോന്നി ജനലിലൂടെ നോക്കിയപ്പോഴാണ് ശിവൻ കട്ടിലിൽ കമിഴ്ന്ന് തലതാഴേക്ക് തൂങ്ങിക്കിടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസെത്തിയാണ് വാതിൽചവിട്ടിപ്പൊളിച്ച് അകത്തുകയറിയത്.
ഇൻക്വസ്റ്റിന്റെ ഭാഗമായി ഫോട്ടോയെടുക്കുന്നതിനിടെ ഫോട്ടോഗ്രഫർക്ക് തോന്നിയ സംശയമാണ് ട്വിസ്റ്റായത്. ജീവനുണ്ടെന്ന് മനസിലാക്കിയ ഉടനെ യുവാവിനെ പ്രാഥമിക ചികിത്സക്കായി അശോകപുരത്തെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. കുടിവെള്ള വിതരണ കമ്പനിയിലെ ഡ്രൈവറായ യുവാവ് ആരോഗ്യവാനായി ആശുപത്രി വിട്ടു.
25വർഷത്തിലധികമായി റൂറൽ പൊലീസിന്റെ സ്ഥിരം ഫോട്ടോഗ്രഫറാണ് ആലുവ ഫോട്ടോണിക്‌സ് സ്റ്റുഡിയോ ഉടമ ടോമി തോമസ്. സ്ഥലത്തെത്തുമ്പോൾ പൊലീസും നാട്ടുകാരും മൃതദേഹത്തിന് ചുറ്റുമുണ്ട്. ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കുന്നതിന് മുന്നേ മുറിയിൽ കയറി.
തലഭാഗം കട്ടിലിനും ഭിത്തിക്കും ഇടയിലേക്ക് ഒടിഞ്ഞുതൂങ്ങിയ നിലയിലാണ് യുവാവ് കിടന്നിരുന്നത്. കട്ടിലിനടിയിലൂടെ ഫോട്ടോയെടുക്കേണ്ടി വന്നു. ഇതിനിടയിലാണ് ജീവനുണ്ടോയെന്ന സംശയം തോന്നിയത്. ആദ്യമൊന്ന് അമ്പരന്നെങ്കിലും രഹസ്യമായി ഇക്കാര്യം പൊലീസുകാരനോട് പങ്കുവച്ചു. പൊലീസുകാരനും സൂക്ഷ്മമായി നോക്കിയപ്പോൾ ജീവനുണ്ടെന്ന് വ്യക്തമായതോടെയാണ് കഥമാറിയത്.