2011ൽ ട്രാവൽ ഏജൻസിയിൽ സ്വപ്‌ന ജോലി ചെയ്‌തിരുന്ന കാലം. എറണാകുളം രവിപുരത്തുള്ള ഏജൻസിയുടെ റിക്രൂട്ട്മെന്റ് ആൻഡ് മാർക്കറ്റിംഗ് ചുമതലക്കാരിയായിരുന്നു. നയചാരുതയോടെ ഇടപെടുന്ന സ്വപ്‌നയെക്കുറിച്ച് അന്ന് സഹപ്രവർത്തകരായ ചിലർ ഓർക്കുന്നു.
തടിച്ച പ്രകൃതമായിരുന്നില്ല അന്ന്. എല്ലാവരോടും വാത്സല്യത്തോടെയും എന്ത് സഹായം ചെയ്യാനുള്ള മനസോടെയുമായിരുന്നു പെരുമാറ്റം. കൂടെ ജോലി ചെയ്ത ചിലർക്കും പരിചയമുള്ളവർക്കും തന്റെ വിപുലമായ ബന്ധം വച്ച് നല്ല ജോലി വാങ്ങിക്കൊടുക്കുകയും ചെയ്തു. ഒരു യുവതിക്ക് എയർഹാേസ്‌റ്റസാവാൻ ശുപാർശ ചെയ്തു. പലരും സ്വപ്‌നയുടെ തണലിൽ മികച്ച ജോലിയിലേക്ക് വഴിമാറി.
ട്രാവൽ ഏജൻസിയുടെ തൊട്ടടുത്തുള്ള ബാർ ഹോട്ടലിലാണ് സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുക. അവിടെവച്ച് പരിചയത്തിലായ ഹോട്ടൽ ജീവനക്കാരായ ചില യുവാക്കൾക്കും മറ്റ് സ്ഥാപനങ്ങളിൽ ജോലി തരപ്പെടുത്തി നൽകി. ജോലിക്കിടെ പെട്ടെന്ന് രക്തസമ്മർദ്ദം കുറഞ്ഞ് സ്വപ്‌ന പലപ്പോഴും താഴെ വീഴുമായിരുന്നു. ആശുപത്രിയിൽ അഡ്മിറ്റായി രണ്ടും മൂന്നും മണിക്കൂറിന് ശേഷമാണ് ഓഫീസിലെത്തുക.
ഒരു വർഷം മാത്രമാണ് കൊച്ചിയിലെ ഓഫീസിലുണ്ടായിരുന്നത്. കൊച്ചിയിൽ നിന്ന് മടങ്ങിയ ശേഷമാണ് സരിത്തും സന്ദീപുമായി സൗഹൃദത്തിലായത്. കൊച്ചിയിലെ ഓഫീസിൽ ഇവരാരും എത്തിയിരുന്നില്ല.
ഫാസിൽ ഫരീദെന്ന കടത്തുകാരൻ
നയതന്ത്ര ചാനലൽ വഴി യു.എ.ഇ കോൺസുലേറ്റിലേക്ക് പാഴ്സൽ അയച്ച ഫാസിൽ ഫരീദ് വർഷങ്ങൾക്ക് മുമ്പേ കസ്‌റ്റംസിന്റെയും ഡി.ആർ.ഐയുടെയും നോട്ടപ്പുള്ളിയാണ്. പക്ഷേ, ഒന്നു തൊടാൻ പാേലും കഴിഞ്ഞിട്ടില്ലെന്നതാണ് വസ്‌തുത. വിമാനത്താവളങ്ങളിൽ സ്വർണം പിടികൂടിയ നിരവധി കേസുകളിൽ ഫാസിലിന്റെ പേര് പറഞ്ഞു കേട്ടിരുന്നു. ചിലതിൽ കസ്‌റ്റംസും ഡി.ആർ.ഐയും പ്രതിയാക്കി. എന്നാൽ കേരളത്തിൽ പിടിയിലായവരിൽ കേസ് അവസാനിക്കുകയാണ് ചെയ്‌തത്. കണ്ണൂർ സ്വദേശിയായ ഫയാസ് കൊച്ചി വിമാനത്താവളം വഴി സ്വർണം കടത്തിയ കേസ് ഇതിനുദാഹരണമാണ്.
യു.എ.ഇയിൽ സ്‌റ്റേഷനറി ഷോപ്പ് നടത്തുന്നയാളാണ് ഫാസിൽ ഫരീദെന്നാണ് ഇതുവരെ ലഭിച്ച വിവരം. ഷാർജയിൽ ലോജിസ്‌റ്റിക് ഷാേപ്പുമുണ്ട്. എറണാകുളം മട്ടാഞ്ചേരി സ്വദേശിയാണെന്ന് പറയപ്പെടുന്നു.
1970കളിലാണ് യു.എ.ഇ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വ്യാപകമായി സ്വർണക്കടത്ത് ആരംഭിക്കുന്നത്. മുംബയ് അധോലോക നായകൻ ഹാജി മസ്താന്റെ നേതൃത്വത്തിലായിരുന്നു കടത്ത്. പിന്നീട് മലയാളികളും കാരിയർമാരായി വന്നു. ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളായിരുന്നു കള്ളക്കടത്തുകാരുടെ പ്രധാനകേന്ദ്രം.
കേരളത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് സ്വർണക്കടത്ത് സജീവമായത് 2010 ഓടെയാണ്. എന്നാൽ, സ്വർണം അയയ്ക്കുന്ന കണ്ണികളും വാങ്ങുന്നവരും ഇതുവരെ പിടിയിലായിട്ടില്ലെന്നതാണ് വസ്തുത. കാരിയർമാർ മാത്രം കുടുങ്ങും.
കസ്റ്റംസിനെ വിറപ്പിച്ച ഫയാസ്
2013ലെ ഒരു പ്രഭാതം. യു.എ.ഇയിൽ നിന്ന് നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ രണ്ടു യുവതികളിൽ നിന്ന് 20 സ്വർണ ബിസ്‌ക്കറ്റുകൾ പിടികൂടിയതോടെ വലിയൊരു വേട്ടയുടെ തുടക്കമാവുകയായിരുന്നു. അന്നുതന്നെ ദുബായിൽ നിന്ന് കരിപ്പൂരിലെത്തിയ മുഖ്യ ആസൂത്രകൻ ഫയാസിന് യുവതികൾ പിടിയിലായ വിവരം ആരോ ചോർത്തി നൽകി. യുവതികളെ ചോദ്യം ചെയ്തതോടെ ഫയാസാണ് സ്വർണം തന്നതെന്ന് വെളിപ്പെടുത്തി. ആരെന്നറിയാതെ കസ്‌റ്റംസ് കുഴങ്ങുന്നതിനിടെയാണ് ഒരു യുവതി ഫേസ്ബുക്കിൽ ചിത്രമുണ്ടെന്ന് അറിയിച്ചത്. ചിത്രത്തിന്റെ പ്രിന്റെടുത്ത കസ്‌റ്റംസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എമിഗ്രേഷൻ വഴി ലുക്കൗട്ട് പുറപ്പെടുവിക്കുമ്പോൾ ആദ്യമെത്തുക ഡൽഹി വിമാനത്താവളത്തിലാണ്. അവിടെ നിന്നാണ് മറ്റ് വിമാനത്താവളങ്ങളിലേക്ക് നോട്ടീസ് അയയ്ക്കുക. അതിസാമർത്ഥ്യം കാണിച്ച ഫയാസ് പിടിയിലാകാതിരിക്കാൻ കാർ മാർഗം ബംഗളൂരുവിലെത്തി. അവിടെ നിന്ന് ഡൽഹി വിമാനത്താവളത്തിലേക്ക്. ദുബായിലേക്ക് കടക്കാനുള്ള ശ്രമത്തിൽ പിടിയിലുമായി.
കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ ഉയർന്ന കസ്‌റ്റംസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും പേരുപറഞ്ഞ് ഫയാസ് വിരട്ടി. സ്വർണക്കടത്തിനെക്കുറിച്ച് ആദ്യം ഒന്നും മിണ്ടിയില്ല. ചോദ്യം ചെയ്യുമ്പോൾ കാലിൻമേൽ കാലു കയറ്റിവച്ചായിരുന്നു ഇരിപ്പ്. അസി.കമ്മിഷണർമാർ ചോദ്യം ചെയ്‌തിട്ട് ഒരു രക്ഷയുമില്ല. ഒടുവിൽ പൊലീസ് മോഡലിൽ ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതോടെ സ്വർണക്കടത്തിൽ പങ്കാളിയായ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പേര് സഹിതം പറഞ്ഞു.
എന്നാൽ, ഫയാസിൽ അന്വേഷണം ഒതുങ്ങി. സ്വർണം ദുബായിൽ നിന്ന് ആരു തന്നെന്നോ ആർക്കാണ് കൊടുക്കുന്നതെന്നോ കണ്ടെത്താനായില്ല. ഇതു തന്നെയാണ് സ്വർണക്കടത്ത് അവസാനിക്കാത്തതിനും പ്രധാന കാരണം.
വിശദമായി ചോദ്യംചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥന് ഫയാസ് എട്ടിന്റെ പണിയും നൽകി. തന്നെ മർദ്ദിച്ചെന്നും പീഡിപ്പിച്ചെന്നും കാട്ടി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്‌തു. സർവീസിൽ നിന്ന് വിരമിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു സംഭവം. വിരമിച്ച് രണ്ടു വർഷം കഴിഞ്ഞാണ് കേസ് അവസാനിച്ചത്.
നയതന്ത്ര ചാനലിലൂടെയുള്ള ഇപ്പോഴത്തെ കടത്തിൽ എൻ.ഐ.എ അന്വേഷണം ഏറ്റെടുത്തതോടെ മുഖ്യപ്രതികളും പിടിയിലാകുമെന്നാണ് പ്രതീക്ഷ.