കൊച്ചി: പരീക്ഷകളും പരീക്ഷാ മൂല്യനിർണയവും സുരക്ഷിതമായി കഴിഞ്ഞതിന്റെ ആശ്വാസത്തിലിരിക്കെ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരിൽ ആശങ്കകളുയർത്തി അദ്ധ്യാപികക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം എസ്.ആർ.വി. സ്‌കൂളിൽ പ്ലസ് ടു മൂല്യനിർണയത്തിൽ പങ്കെടുത്ത അദ്ധ്യാപികക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ജൂൺ രണ്ടാമത്തെ ആഴ്ച മുതൽ ഇവർക്ക് കൊവിഡ് ബാധയുണ്ടായിരുന്നെങ്കിലും തിരിച്ചറിഞ്ഞിരുന്നില്ല. ഏതാനും ദിവസം മുൻപാണ് സ്ഥിരീകരിച്ചത്. ഇതോടെ ഇവരോടൊപ്പം മൂല്യ നിർണയം നടത്തിയ 18 അദ്ധ്യാപകരും ക്യാമ്പ് ഡ്യൂട്ടിലുണ്ടായിരുന്ന മറ്റ് അഞ്ച്പേരും ക്വാറന്റൈനിലായി.
ക്യാമ്പ് ജൂലായ് 24ന് സമാപിച്ചതാണ്. അദ്ധ്യാപികയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന മൂന്ന് ക്ളാസുകളിൽ ഡ്യൂട്ടിക്കുണ്ടായിരുന്നവരും മൂന്ന് ക്യാമ്പ് കോർഡിനേറ്റർമാരുമാണ് ക്വാറന്റൈനിലായത്. ഈ മൂന്നുപേരും മറ്റ് രണ്ട് സ്കൂളുകളിലെ ക്യാമ്പിലുളളവരുമായി ബന്ധപ്പെട്ടിട്ടുണ്ട്. മൂന്നു ക്യാമ്പുകളിലുമായി 240 ഓളം പേരുണ്ടായിരുന്നു.
ജൂലായ് ആറിന് രോഗം സ്ഥിരീകരിച്ച തേവരക്കാരന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതാണ് മരട് സ്വദേശിനിയായ അദ്ധ്യാപികയുടെ കുടുംബം.
കഴിഞ്ഞ മാസം ആറിനാണ് അദ്ധ്യാപികയുടെ ഭർത്താവിന് പനിയും തൊണ്ടവേദനയുമുണ്ടായത്. ഒരാഴ്ച കഴിഞ്ഞ് അദ്ധ്യാപികയ്ക്കും അസുഖ ലക്ഷണങ്ങൾ കണ്ടു. മരുന്നു കഴിച്ചെങ്കിലും കൊവിഡാണെന്ന് ഇരുവരും തിരിച്ചറിഞ്ഞില്ല. ജൂൺ 23 വരെ കെമിസ്ട്രി മൂല്യ നിർണയ ക്യാമ്പിൽ പങ്കെടുത്തു.
ഭർത്താവിന്റെ ഓഫീസിലൊരാൾക്ക് കൊവിഡ് പോസിറ്റീവായപ്പോൾ അയാളുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അദ്ധ്യാപികയെയും കുടുംബത്തെയും പരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നു.
ഇവരെ മെഡിക്കൽ കോളേജ് ഐസോലേഷൻ വാർഡിലേക്ക് മാറ്റി. നെഗറ്റീവായ മകന്റെ രണ്ടാമത്തെ പരിശോധനാ ഫലം വരാനുണ്ട്. ഇവർ താമസിച്ചിരുന്ന സ്ഥലം കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചു.
ക്യാമ്പിലുണ്ടായിരുന്ന എല്ലാവരെയും പരിശോധിക്കും.
ജൂൺ ഒന്നു മുതൽ നടന്ന മൂല്യനിർണയത്തിൽ ഒട്ടുമിക്ക ദിനങ്ങളിലും അദ്ധ്യാപിക ക്യാമ്പിൽ എത്തിയിരുന്നു. ആദ്യ ദിവസങ്ങളിൽ മൂന്നിലൊന്നുപേർ ക്യാമ്പിൽ മതിയെന്നായിരുന്നു ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് നിർദ്ദേശമെങ്കിലും പിന്നീട് എല്ലാവരോടും ഹാജരാവാൻ ആവശ്യപ്പെട്ടതായി അദ്ധ്യാപകർ പറഞ്ഞു.
വിവരങ്ങൾ ലഭിച്ചിട്ടില്ല
മൂല്യനിർണയ കാമ്പിൽ പങ്കെടുത്ത അദ്ധ്യാപികക്ക് കൊവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് വിവരങ്ങൾ ലഭിച്ചിട്ടില്ല. അദ്ധ്യാപകർക്ക് ക്വാറന്റൈൻ നിർദ്ദേശം നൽകിയതും ആരോഗ്യ വിഭാഗം അറിയിച്ചിട്ടില്ല.
എസ്.എസ് വിവേകാനന്ദൻ
ജോയിന്റ് ഡയറക്ടർ (പരീക്ഷ)
ഹയർ സെക്കൻഡറി