ആലുവ: നഗരം കണ്ടെയ്ൻമെന്റ് സോണിൽ രണ്ടാം ദിവസം പിന്നിട്ടതോടെ ജനം വലയുന്നു. ഭക്ഷ്യവസ്തുക്കൾ ലഭിക്കാത്തതാണ് പ്രശ്നമായത്. കവലകളിൽ ഒന്നു വീതം പലവ്യജ്ഞന കടകൾ തുറക്കുന്നതിന് അനുമതിയുണ്ടെങ്കിലും മെഡിക്കൽ ഷോപ്പുകൾ ഒഴികെ ഒരു വ്യാപാര സ്ഥാപനവും തുറക്കുന്നില്ല.
വ്യാപാരി സംഘടനയുടെ യുവജന വിഭാഗം നേതാവിനും നഗരത്തിലെ ചില ചെറുകിട ചായക്കടക്കാർക്കും രോഗമുണ്ടായതാണ് കച്ചവടക്കാരിൽ ഭീതി പരത്തിയത്.
രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പലചരക്ക്, പച്ചക്കറി കടകൾ തുറക്കാനാണ് അനുമതി.
റോഡുകൾ മുഴുവൻ അടച്ചുകെട്ടിയതിനാൽ വ്യാപാരികൾക്കും നഗരത്തിൽ പ്രവേശിക്കാനാകുന്നില്ല. പ്രധാന കവലകളിൽ ഒരു കടയെങ്കിലും തുറക്കാൻ നടപടിയെടുക്കുമെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു.
ചിന്നിചിതറി ആലുവ മാർക്കറ്റ്
പൂട്ടിയ ആലുവ മാർക്കറ്റിലെ കച്ചവടക്കാർ നഗരത്തിന് പുറത്ത് പലഭാഗത്തായി പ്രവർത്തനം തുടങ്ങി.
മൊത്ത കച്ചവടക്കാരാണ് ഇതിലേറെയും. പച്ചക്കറി കച്ചവടം പ്രധാനമായും പടിഞ്ഞാറെ കടുങ്ങല്ലൂർ ഓഞ്ഞിത്തോട് പാലത്തിന് സമീപത്തെ ഒഴിഞ്ഞുകിടന്ന ഗോഡൗണിലാണ്.ഉണക്കമീൻ കച്ചവടം എടത്തല കോമ്പറയിലും ചൂർണിക്കരയിലുമാണ്. പച്ചമീൻ കച്ചവടം നഗരത്തിനോട് ചേർന്ന് കീഴ്മാട് പഞ്ചായത്ത് അതിർത്തിയിലെ മാർവർ ഭാഗത്ത് റോഡ് കൈയേറി സ്ഥാപിച്ച ഷെഡുകളിലാണ്.
സീപോർട്ട് - എയർപോർട്ടിന്റെ ഭാഗമായി മഹിളാലയം, ചൊവ്വര പാലങ്ങൾക്ക് സമീപവും പുറമ്പോക്കിൽ മത്സ്യകച്ചവടമുണ്ട്.പടിഞ്ഞാറെ കടുങ്ങല്ലൂരിൽ പച്ചക്കറിയുമായി വരുന്ന ലോറികൾ ഒന്നും രണ്ടും ദിവസം ഇവിടെ പാർക്ക് ചെയ്യുന്നത് ഗതാഗത തടസത്തിന് കാരണമാകുന്നുണ്ട്.
കുട്ടമശേരിയിൽ നേരിയ ഇളവ്
കുട്ടമശേരിയിൽ കടകൾ തുറക്കുന്നതിന് നേരിയ ഇളവ് നൽകി. മാവേലി സ്റ്റോർ രാവിലെ 10 മണി മുതൽ അഞ്ച് വരെയും അവശ്യവസ്തുക്കൾ വിൽക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ ഒരു മണി വരെയും തുറക്കാം. കുട്ടമശേരി സഹകരണ ബാങ്കിന്റെ സൂപ്പർ മാർക്കറ്റ് അണുനശീകരണത്തിന് ശേഷം തിങ്കളാഴ്ച മുതൽ തുറക്കും.
യോഗത്തിൽ അൻവർ സാദത്ത് എം.എൽ.എ, ആലുവ സി.ഐ എൻ. സുരേഷ് കുമാർ, പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ്, വി.വി മന്മഥൻ, പി.എ. ഷാജഹാൻ, പി.എ. ശിവരാമൻ, ഇസ്മായിൽ തച്ചൻകുന്ന്, മുംതാസ് എന്നിവർ പങ്കെടുത്തു.