swapna

കൊച്ചി: നയതന്ത്ര ചാനൽ വഴി സ്വപ്നയും കൂട്ടാളികളുംമറ്റു സംഘങ്ങൾക്കും സ്വർണം കടത്തിയെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന, ഭീകരബന്ധമുൾപ്പെടെയുള്ള കേസായതിനാൽ യു.എ.പി.എ ചുമത്തിയാണ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷിക്കുന്നതെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ ബോധിപ്പിച്ചു. സ്വർണക്കടത്തിൽ

ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് തള്ളാനാവില്ലെന്നും സൗഹൃദ രാഷ്ട്രങ്ങളുമായി ഇന്ത്യയ്ക്കുള്ള ബന്ധത്തെയും ബാധിക്കുന്ന കേസാണെന്നും കൂടി അറിയിച്ചതോടെ കുരുക്ക് കൂടുതൽ മുറുകി.

സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ മറുപടി നൽകുകയായിരുന്നു കേന്ദ്രം. ഭീകര പ്രവർത്തന കേസുകളിൽ ജാമ്യാപേക്ഷ പരിഗണിക്കാൻ എൻ.ഐ.എ കോടതിക്കാണ് അധികാരമെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി ഡൽഹിയിൽ നിന്ന് വീഡിയോ കോൺഫറൻസിംഗ് മുഖേന ഹാജരായ അഡ്വ. രവിപ്രകാശ് വ്യക്തമാക്കി. സ്വപ്‌നയ്ക്ക് മുൻകൂർ ജാമ്യം നൽകുന്നതിനെ എൻ.ഐ.എ അഭിഭാഷകനും എതിർത്തു.

എൻ.ഐ.എ കേസെടുത്ത സാഹചര്യത്തിൽ എഫ്.ഐ.ആറിന്റെ പകർപ്പ് ലഭ്യമാക്കണമെന്നും കേന്ദ്ര സർക്കാരിന്റെ വാദങ്ങൾക്ക് മറുപടി നൽകാൻ സമയം വേണമെന്നും സ്വ‌പ്നയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്ന് സിംഗിൾബെഞ്ച് ഹർജി വിശദമായ വാദത്തിന് 14 ലേക്ക് മാറ്റി. ഹർജി ഫയലിൽ സ്വീകരിച്ചിട്ടില്ല. ഹർജി നിലനിൽക്കുമോയെന്ന് ആശങ്ക വാക്കാൽ പ്രകടിപ്പിച്ച കോടതി എഫ്.ഐ.ആറിന്റെ പകർപ്പ് ഹർജിക്കാരിയുടെ അഭിഭാഷകന് ലഭ്യമാക്കാനും നിർദ്ദേശിച്ചു.

സ്വർണക്കടത്തിൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്കുള്ള പങ്ക് തള്ളിക്കളയാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ പറഞ്ഞു. ഇക്കാര്യമുൾപ്പെടെ കണ്ടെത്താൻ സ്വപ്നയെ ചോദ്യം ചെയ്യണം. നയതന്ത്ര പരിരക്ഷയുടെ മറവിൽ വൻതോതിൽ സ്വർണം കടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് സ്വപ്ന. കടത്തിന് സൗകര്യങ്ങൾ ഒരുക്കുന്നതിലും ഗൂഢാലോചനയിലും സ്വപ്ന സജീവമായിരുന്നെന്ന് വ്യക്തമാണ്. നയതന്ത്ര ബാഗേജുകളുടെ കസ്റ്റംസ് ക്ളിയറൻസിനുള്ള പേപ്പറുകൾ ശരിയാക്കി നൽകിയിരുന്നതും സ്വപ്നയാണ്. സന്ദീപിനെയും കള്ളക്കടത്തു സംഘത്തിലെ മറ്റുള്ളവരെയും കണ്ടെത്താനും സ്വപ്നയെ ചോദ്യം ചെയ്യണം. സ്വപ്നയുടെയും സരിത്തിന്റെയും മറ്റു ചിലരുടെയും സഹായത്തോടെയാണ് സന്ദീപിന്റെ സ്വർണക്കടത്തെന്ന് ഭാര്യ സൗമ്യ മൊഴി നൽകിയിട്ടുണ്ട്.

ഡിപ്ളോമാറ്റിക് ബാഗ് ജൂലായ് അഞ്ചിന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പരിശോധിച്ചത്. അന്ന് വൈകിട്ട് 3.15ന് സ്വപ്ന മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയി. ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് നൽകാൻ ശ്രമിച്ചെലും നടന്നില്ല. ക്രിമിനൽ പശ്ചാത്തലമില്ലെന്ന സ്വപ്നയുടെ വാദം ശരിയല്ല. വലിയതുറ പൊലീസിൽ ഇവർക്കെതിരെ കേസുണ്ട്.

കേന്ദ്ര സർക്കാർ വാദം  നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയം  രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന പ്രവർത്തനങ്ങൾ ഭീകരവാദമാണ്  കള്ളക്കടത്തിലൂടെ ലഭിക്കുന്ന പണം ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം എൻ.ഐ.എയുടെ എഫ്.ഐ.ആർ  പി.എസ്. സരിത്ത്: ഒന്നാം പ്രതി  സ്വപ്ന പ്രഭാ സുരേഷ്: രണ്ടാംപ്രതി  ഫാസിൽ ഫരീദ്: മൂന്നാം പ്രതി  സന്ദീപ് നായർ: നാലാം പ്രതി കുറ്റങ്ങൾ  യു.എ.പി.എ സെക്‌ഷൻ 16: ഭീകര പ്രവർത്തനത്തിനുള്ള ശിക്ഷ  സെക്‌ഷൻ 17: ഭീകര പ്രവർത്തനങ്ങൾക്ക് ഫണ്ട് ഉണ്ടാക്കൽ  സെക്‌ഷൻ 18 - ഗൂഢാലോചനയ്ക്കുള്ള ശിക്ഷ