കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുമ്പോൾ പണിയേറ്റെടുത്ത കരാറുകാർ പ്രതിഫലത്തിനായി കളക്‌ടറേറ്റിൽ കയറിയിറങ്ങുന്നു. സാങ്കേതിക തടസങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ ബില്ലുകൾ തള്ളിക്കളയുന്നുവെന്നാണ് പരാതി.

കൊവിഡ് സുരക്ഷ നിയമങ്ങൾ നിലനിൽക്കുന്നതിനാൽ ബ്രേക്ക് ത്രൂവിന് നേതൃത്വം നൽകിയ കളക്‌ടർ എസ്. സുഹാസിനെ നേരിൽ കാണാൻ നിർവാഹമില്ല. ഫോണിലും കിട്ടുന്നില്ല. മന്ത്രി വി.എസ്. സുനിൽകുമാറും കരാറുകാർക്ക് മുഖം കൊടുക്കുന്നില്ല.

ഡെപ്യൂട്ടി കളക്‌ടർ, ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ, ദുരന്തനിവാരണ അതോറിറ്റി തുടങ്ങി എല്ലാ സ്ഥാനങ്ങളിലും മാറ്റം വന്നതും തിരിച്ചടിയായി.

# ജില്ലാ ഭരണകൂടം വാക്കു ലംഘിച്ചു

ബ്രേക്ക് ത്രൂ ജോലികൾക്ക് ജില്ലാ ഭരണകൂടം 20 കരാറുകാരയാണ് തിരഞ്ഞെടുത്തത്. തോട്, കാന ശുചീകരണം പൂർത്തിയായാൽ 15 ദിവസത്തിനകം മുഴുവൻ തുകയും നൽകാമെന്ന് കരാറും ഒപ്പിട്ടു. മാർച്ച് ആദ്യ വാരം ജോലികൾ ആരംഭിച്ചു.

കോർപ്പറേഷൻ, കൊച്ചി മെട്രോ, പൊലീസ്, അഗ്നിശമന സേന, റവന്യു, തുടങ്ങി 17 വകുപ്പുകളുടെ ഏകോപനത്തോടെയായിരുന്നു ജോലികൾ. 90 ശതമാനവും പൂർത്തിയായിട്ടും പണം നൽകുന്ന കാര്യം വന്നപ്പോൾ അധികൃതർ മുഖം തിരിക്കുന്നു.

# വെല്ലുവിളികൾ നിറഞ്ഞ ദൗത്യം

• ആറു മാസം കൊണ്ട് ചെയ്യേണ്ട ജോലികൾ ഒറ്റ മാസത്തിൽ പൂർത്തിയാക്കി.

• പല സ്ഥലത്തും വാഹനങ്ങൾ എത്തിക്കാൻ മതിലുകൾ പൊളിച്ചു വീണ്ടും കെട്ടി.

• ഇടിഞ്ഞ തിട്ടകൾ പുനർനിർമ്മിച്ചു.

• പൊന്നുരുന്നി ചെട്ടിച്ചിറ ഉൾപ്പെടെ പല ഭാഗത്തും തോടിന് വീതി കൂട്ടി.

• എസ്റ്റിമേറ്റ് തുകയിലും കുറച്ച് പണി ചെയ്തു.

• പേരണ്ടൂർ കനാൽ രണ്ടു വർഷം മുമ്പ് ഒരു കോടി രൂപയ്ക്ക് കരാർ നൽകിയിടത്ത് ഇത്തവണ 93 ലക്ഷം രൂപയ്ക്ക് ജോലികൾ തീർത്തു

• മൂന്നര കോടി എസ്റ്റിമേറ്റ് നിശ്ചയിച്ച കാരണക്കോടം തോടിന്റെ ജോലികൾ ഒന്നേ മുക്കാൽ കോടിയിൽ തീർന്നു