ഹേമന്തിന്റെ വിജയത്തിന് പത്തരമാറ്റ്
വൈപ്പിൻ: രോഗം ശരീരത്തെ തളർത്തി. പക്ഷേ, ഹേമന്ത് രാജിന്റെ തളരാത്ത പോരാട്ട വീര്യത്തിന് മുന്നിൽ വിധിയും തലകുനിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയാണ് എടവനക്കാട് പഞ്ചായത്തിലെ പത്താം വാർഡിൽ തുണ്ടിയിൽ ഹരികുമാർ മഞ്ജു ദമ്പതികളുടെ മകൻ വിജയവഴിലെ ആദ്യ ചുവട് കീഴടക്കിയത്. എസ്.ഡി.പി.വൈ. കെ.പി.എ. ഹൈസ്‌കൂളിലെ വിദ്യാർത്ഥിയായ ഹേമന്തിന് രണ്ട് വർഷം മുമ്പാണ് നാഡീവ്യൂഹത്തിന് ബാധിക്കുന്ന ട്രാൻസ്‌വേഴ്‌സ് മെലാറ്റിസ് എന്ന അത്യപൂർവരോഗം ബാധിച്ചത്.
തൃശൂർ മെഡിക്കൽ കോളജിൽ രണ്ടാഴ്ചയോളം വെന്റിലേറ്ററിൽ കഴിഞ്ഞു. ജീവൻ തിരിച്ച് കിട്ടിയെങ്കിലും കഴുത്തിനു താഴേക്ക് തളർന്നുപോയി. തുടർന്ന് തൃശൂരിലും തൃപ്പൂണിത്തുറ ആയുർവേദ മെഡിക്കൽ കോളേജിലേയും ചികിത്സയിൽ കൈകൾ ചെറുതായി ചലന ശേഷി തിരിച്ചുകിട്ടി. ഒമ്പത്, പത്ത് ക്ലാസുകളിൽ ഹോം സ്റ്റഡി വിഭാഗത്തിലെ വിദ്യാർത്ഥിയായിരുന്നു ഹേമന്ത്. സ്കൂളിലേയും ബി.ആർ.സി.യിലെയും അദ്ധ്യാപകർ വീട്ടിലെത്തിയാണ് പാഠങ്ങൾ പകർന്നു നൽകിയത്.സ്‌കൂളിൽ നിന്ന് ലഭിച്ച ടാബും പുസ്തകങ്ങളുമായിരുന്നു ഹേമന്തിന്റെ കൂട്ട്. എസ്.എസ്.എൽ.സി പരീക്ഷയിലെ മികച്ച വിജയം നാട്ടുകാരും ആഘോഷിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്രപോർട്ടലും വിജയത്തിന് സഹായിച്ചു.
സുമനസുകളുടെ സഹായത്തോടെ പറവൂരിൽ ഫിസിയോതെറാപ്പിയും എഴുന്നേറ്റ് നില്ക്കാനുള്ള പരിശീലനവും ഇലക്ട്രിക് വീൽ ചെയർ പരിശീലനവും നടക്കുന്നതിനിടെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇതോടെ പരീശീലനങ്ങൾ മുടങ്ങി. മാതാവ് മഞ്ജു തുണക്കടയിലെ ജീവനക്കാരിയായിരുന്നു. ഹേമന്തിന് രോഗം ബാധിച്ചതോടെ ജോലി ഉപേക്ഷിച്ചു. കൊവിഡ് ഭീതിയിലായതിനാണ് ഹരികുമാറിനും ഇപ്പോൾ ജോലിയില്ല. വാടകവീട്ടിലാണ് താമസിക്കുന്ന കുടുംബത്തിന് ചികിത്സ ചെലവ് താങ്ങാവുന്നതിലും അപ്പുറമാണ്.ചികിത്സയ്ക്കായി നാട്ടുകാർ നല്കുന്ന ചെറിയ സഹായങ്ങളാണ് ഏക ആശ്വാസം. പ്ലസ് വണ്ണിന് ഹ്യുമാനിറ്റീസ് എടുത്ത് മികച്ച വിജയം നേടണമെന്നാണ് ഹേമന്തിന്റെ ആഗ്രഹം.