കൊച്ചി: സംസ്ഥാന സർക്കാർ സംഘടിപ്പിച്ച മൂന്നു ചടങ്ങുകളിൽ പങ്കെടുക്കാൻ വന്ന വിദേശ പ്രതിനിധികളെ വിമാനത്താവളങ്ങളിലെ ഗ്രീൻ ചാനലിലൂടെ പുറത്തിറക്കിയതിനൊപ്പം സ്വർണക്കടത്തും നടന്നതായി സംശയം ഉയർന്നതോടെ ആ വഴിക്കും കസ്റ്റംസ് അന്വേഷണം തുടങ്ങി.വന്നവരെ കുറിച്ചുള്ള വിവരങ്ങളും വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങളുമാണ് ഇപ്പോൾ പരിശോധിക്കുന്നത്.
കൊച്ചിയിൽ നടന്ന ഹാഷ് ഫ്യൂച്ചർ, കൊച്ചി ഡിസൈൻ വീക്ക്, കോവളത്ത് നടന്ന ആഗോള ബഹിരാകാശ ഉച്ചകോടി തുടങ്ങി പരിപാടികളാണ് സംശയ നിഴലിൽ. മൂന്നു പരിപാടികളും സംഘടിപ്പിച്ചത് ഐ.ടി.വകുപ്പിന്റെ ആഭിമുഖ്യത്തിലായിരുന്നു.
മൂന്നിടത്തും നടത്തിപ്പുകാരായി സ്വപ്നയും സരിത്തും ഉണ്ടായിരുന്നു.
നയതന്ത്ര പ്രതിനിധികൾ, ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ ആവശ്യപ്രകാരം ഗ്രീൻചാനലിലൂടെ പരിശോധനയില്ലാതെ കടത്തിവിടാറുണ്ട്. മൂന്നു പരിപാടികൾക്കും വിദേശ പ്രതിനിധികൾ ഇതുവഴി പുറത്തെത്തിയതായി കസ്റ്റംസിന് വിവരം ലഭിച്ചു.
പ്രതിനിധികളുടെ മറവിൽ വിദേശികളെ കാരിയർമാരാക്കി സ്വർണക്കടത്ത് നടത്തിയെന്നാണ് സംശയം.
# ഹാഷ് ഫ്യൂച്ചർ
2018 മാർച്ച് 12, 13 തീയതികളിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് ഹാഷ് ഫ്യൂച്ചർ എന്ന ഡിജിറ്റൽ കോൺക്‌ളേവ് അരങ്ങേറിയത്. നിരവധി വിദേശ പ്രതിനിധികൾ പങ്കെടുത്തിരുന്നു. അന്ന് യു.എ.ഇ കോൺസലേറ്റ് ജീവനക്കാരിയായ സ്വപ്‌നയും സരിത്തും നടത്തിപ്പുകാരുടെ റോളിലായിരുന്നു.
# ഡിസൈൻ വീക്ക്
2019 ഡിസംബർ 12, 13,14 തീയതികളിൽ കൊച്ചി ഡിസൈൻ വീക്കിൽ ഐ.ടി. വകുപ്പിന്റെ പ്രതിനിധിയായാണ് സ്വപ്‌ന പങ്കെടുത്തത്. വിദേശ പ്രതിനിധികളെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് എത്തിക്കുന്ന ചുമതല സ്വപ്‌നയ്ക്കും സരിത്തിനുമായിരുന്നു.
# സ്‌പേസ് ഉച്ചകോടി
2019 ഡിസംബർ 31 മുതലുള്ള ദിവസങ്ങളിൽ കോവളത്ത് നടത്തിയ സ്‌പേസ് ഉച്ചകോടിയുടെ മുഖ്യസംഘാടകയായിരുന്നു സ്വപ്‌ന. നിർദിഷ്ട സ്‌പേസ് പാർക്കുമായി ബന്ധപ്പെട്ട പരിപാടി ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്റി പിണറായി വിജയൻ. തിരുവനന്തപുരത്തെ സ്‌പേസ് നഗരമായി പ്രഖ്യാപിച്ചത് ഈ ചടങ്ങിലാണ്. യു.എ.ഇ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബിക്കു പുറമേ യു.എ.ഇയിലെ ചില സർവകലാശാലാ പ്രതിനിധികളെ ചടങ്ങിനെത്തിച്ചത് സ്വപ്നയായിരുന്നു.