mla
നാട്ടാനകള്‍ക്ക് തീറ്റ നല്‍കുന്ന പദ്ധതിയുടെ ജില്ലാതല ഉത്ഘാടനം മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രാ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മാറാടി അയ്യപ്പന്‍ എന്ന ആനയ്ക്ക് ഭക്ഷണം നല്‍കി എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു..............

മൂവാറ്റുപുഴ: വയറു നിറയെ ആഹാരം കിട്ടിയിരുന്ന ഉത്സവ സീസൺ കൊവിഡ് തട്ടിയെടുത്തു.മഹാമാരിയിൽ ഉടമകളും പ്രതിസന്ധിയിലായതോടെ ഗജവീരന്മാരെല്ലാം അരപ്പട്ടിണിയിലായി. ആനയോളം വലിപ്പമുള്ള ഈ സങ്കടം തിരച്ചറിഞ്ഞ സർക്കാർ കരിവീരന്മാരെയും കൈവിട്ടില്ല.നാട്ടാനകൾക്ക് തീറ്റ നൽകുന്ന പദ്ധതിക്ക് തുടക്കമിട്ടു. മൂവാറ്റുപുഴ വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിൽ വച്ച് നടന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മാറാടി അയ്യപ്പൻ എന്ന ആനയ്ക്ക് ഭക്ഷണം നൽകി എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു


നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഡോ.എ.ഗോപകുമാർ, ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ.ലൈബി പൗളിൻ,നഗരസഭ വൈസ്‌ചെയർമാൻ പി കെ ബാബുരാജ്, എലിഫന്റ് ഓണേഴ്‌സ് ഭാരവാഹികളായ അഡ്വ. അരുൺകുമാർ, അൻസാരി, വാർഡ് കൗൺസിലർ ബിന്ദു സുരേഷ്, വെള്ളൂർകുന്നം മഹാദേവ ക്ഷേത്രം പ്രസിഡന്റ് പി.ബി.കിഷോർ, ആന ഉടമ സ്കറിയ, മുവാറ്റുപുഴ താലൂക്ക് കോർഡിനേറ്റർ ഡോ പി എസ് ഷമീം അബുബക്കർ, മാറാടി വെറ്ററിനറി സർജൻ ഡോ. വീണ ഫിലിപ്പ്,ജില്ലാ ചീഫ് വെറ്ററിനറി ഓഫീസർ ഡോ ഇന്ദിര നന്ദി എന്നിവർ സന്നിഹിതരായിരുന്നു. അഞ്ച് വയസിനു മുകളിൽ പ്രായമുള്ള ഒരാനയ്ക്ക് ദിവസം 400 രൂപയുടെ തീറ്റ 40 ദിവസത്തേയ്ക്ക് നൽകും .ഒരാനയ്ക്ക് 16000 രൂപയുടെ തീറ്റ ലഭിക്കും .15 വയസിൽ താഴെ പ്രായമുള്ളവയ്ക്ക് ദിവസം 244 രൂപയുടെ തീറ്റ 40 ദിവസത്തേക്ക് നൽകും. ഒരാനയ്ക്ക് 9760 രൂപയുടെ തീറ്റ ലഭിക്കും.അരി, ഗോതമ്പ്, റാഗി, മുതിര, ചെറുപയർ, ഉപ്പ്, മഞ്ഞൾപ്പൊടി,ശർക്കര എന്നിവയടങ്ങുന്നതാണ് തീറ്റ. ജില്ലയിൽ 11 നാട്ടാനകൾക്കാണ് സഹായം ലഭിക്കുന്നത്.